അല്‍മിറയ്ക്കും അല്‍ഫൈസിനും ഇനി കൂട്ടുകാര്‍ക്കൊപ്പം പഠിക്കാം
1299392
Friday, June 2, 2023 12:44 AM IST
ആലുവ: കൂട്ടുകാര്‍ക്കൊപ്പം സ്കൂളില്‍ ഒരുമിച്ചിരുന്ന് പഠിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അല്മിറയും അല്ഫൈസും. സുഷുമ്ന നാഡികളിലെ കോശങ്ങളെ നശിപ്പിക്കുന്ന സ്പൈനല്‍ മസ്കുലര്‍ അട്രോഫി(എസ്എംഎ) എന്ന ജനിതക രോഗബാധിതരായ ഇരുവര്‍ക്കും കരുതലും കൈത്താങ്ങും അദാലത്തില്‍ വീല്‍ചെയര്‍ ലഭിച്ചതോടെയാണ് സ്കൂളില്‍ വന്ന് പഠിക്കാനുള്ള അവസരം ഉണ്ടായത്.
ചുവടുകള്‍ വേച്ച് പോകുന്ന ഇവരുടെ രോഗാവസ്ഥയ്ക്ക് സ്കൂളില്‍ പോകാനോ കുട്ടുകാര്ക്കൊപ്പമിരുന്ന് പഠിക്കാനോ സാധിക്കുമായിരുന്നില്ല. മെയ് 18ന് നടന്ന ആലുവ താലൂക്ക്തല അദാലത്തില്‍ മാതാവ് തസ്നി മക്കളുമായി നേരിട്ടെത്തി മന്ത്രിമാരായ പി. പ്രസാദിനെയും പി. രാജീവിനെയും കണ്ട് കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാനുള്ള ചക്ര കസേര ലഭ്യമാക്കണമെന്ന ആവശ്യം അറിയിച്ചു. തുടർന്ന് അടിയന്തര നടപടി ആവശ്യപ്പെട്ട് മന്ത്രിമാര്‍ എഡിഎമ്മിന് നിര്‍ദേശം നല്കി.ഇന്നലെ മുപ്പത്തടം ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രവേശനോത്സവം നടത്തിയപ്പോള്‍ ഇരുവരെയും ഒന്നാം ക്ലാസിലേക്ക് വരവേറ്റത് വര്‍ണാഭമായ ചക്രക്കസേരകളായിരുന്നു.
സ്കൂളില്‍ റാമ്പ് സൗകര്യം ഉള്ളതിനാല്‍ ഇരുവര്‍ക്കും ക്ലാസിലേക്ക് വരാനും പോകാനും എളുപ്പമാണ്. ആഴ്ചയില്‍ രണ്ട് ദിവസമാകും ഇരുവരും സ്കൂളില്‍ വരിക. ഒരു ദിവസം അധ്യാപകര്‍ വീട്ടിലെത്തിയാണ് പഠിപ്പിക്കുക.