മരങ്ങള്‍ മുറിച്ചതില്‍ പ്രതിഷേധം; അനുമതിയോടെയെന്ന് ജിസിഡിഎ
1299393
Friday, June 2, 2023 12:44 AM IST
കൊച്ചി: ശുചിമുറി നിര്‍മാണത്തിന്റെ ഭാഗമായി എറണാകുളം മറൈന്‍ഡ്രൈവിലെ മരങ്ങള്‍ മുറിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. മഴവില്ല് പാലത്തിന് സമീപം ഹെലിപാഡ് ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള ഭാഗത്തെ മരങ്ങളാണ് ജിസിഡിഎ മുറിച്ചത്. പ്രദേശത്ത് നിര്‍മിക്കുന്ന ശുചിമുറിയുടെ തുടര്‍നിര്‍മാണത്തിന്റെ ഭാഗമായായിരുന്നു നടപടി.
ഇന്നലെ രാവിലെയോടെ മരം മുറിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും പ്രദേശത്ത് കൂടിയവരും ചേര്‍ന്ന് ഇത് തടയുകയായിരുന്നു. ദിവസേന ആയിരക്കണക്കിന് ആളുകള്‍ വിശ്രമിക്കാനെത്തുന്ന സ്ഥലത്തെ മരങ്ങള്‍ മുറിച്ച് തണല്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. എന്നാല്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ അനുമതിയോടെയാണ് മരങ്ങള്‍ മുറിക്കുന്നതെന്ന് ജിസിഡിഎ അധികൃതര്‍ അറിയിച്ചിട്ടും നാട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നു. ഇതോടെ മരം മുറിക്കുന്ന നടപടി താല്ക്കാലികമയി നിര്‍ത്തിവച്ചു. പിന്നീട് ജിസിഡിഎ അധികൃതര്‍ നാട്ടുകാരുമായി സംസാരിച്ച് സംഭവത്തില്‍ വ്യക്തത വരുത്തിയതിന് പിന്നാലെയാണ് പണികള്‍ പുനരാരംഭിച്ചത്.
സംസ്ഥാനത്തിന് പുറത്തുനിന്നടക്കം വിനോദ സഞ്ചാരികളെത്തുന്ന മറൈന്‍ഡ്രൈവില്‍ പൊതുശുചിമുറി ഇല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ട് മാസം മുമ്പ് ജിസിഡിഎ പ്രദേശത്ത് ശുചിമുറി നിര്‍മാണം ആരംഭിച്ചത്. സിഎസ്എംഎലിന്റെ സാമ്പത്തിക സഹായത്തോടെ ജിസിഡിഎ നേരിട്ടാണ് നിര്‍മാണം. ഹെലിപാഡ് ഗ്രൗണ്ടില്‍ നിന്നും മറൈന്‍ഡ്രൈവ് വാക്ക് വേില്നിന്നും പ്രവേശിക്കാവുന്ന വിധമാണ് ഇവ സജ്ജമാക്കുന്നത്. ഇതിനുപുറമെ കോഫി ഷോപ്പും നിര്‍മിക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ 31നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജിസിഡിഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.