പ്രതി പോലീസ് ജീപ്പും തകർത്തു
1299397
Friday, June 2, 2023 12:44 AM IST
ആലുവ: റെയിൽവേ സ്റ്റേഷൻ സ്ക്വയറിലെ കട തല്ലിത്തകർത്ത യുവാവ് പിടികൂടാൻ എത്തിയ പോലീസ് ജീപ്പിന്റെ ചില്ലും തല്ലിത്തകർത്തു. ആലുവ പട്ടേരിപ്പുറത്ത് വാടകക്ക് താമസിക്കുന്ന കോമ്പാറ തൈക്കണ്ടത്തിൽ ഫൈസൽ (33) ആണ് അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെയും ആക്രമിച്ചത്.
ഫിറ്റ്നസ് ട്രയിനറായ പ്രതി പിടികൂടാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥർക്കുനേരെ ഡോബർമാൻ ഇനത്തിൽപ്പെട്ട നായയെ അഴിച്ച് വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമം നടത്തി. പിന്നീട് കൂടുതൽ പോലീസെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആരോഗ്യ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതി നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. കൈവിലങ്ങ് അഴിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലും ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി. ഡോക്ടറും ഭയന്നതോടെ പോലീസിന്റെ സാന്നിധ്യത്തിലാണ് രോഗിയുടെ പരിശോധന നടത്തിയത്.
റെയിൽവേ സ്റ്റേഷനിലെ കായനാട്ട് ഷോപ്പിംഗ് കോംപ്ലക്സിലെ ചെറിയ ചായക്കടയാണ് ഇയാൾ ബുധനാഴ്ച വൈകിട്ട് നാലരയോടെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തല്ലിത്തകർത്തത്. ജീവനക്കാരന് ചില്ലുകൊണ്ട് പരിക്കുണ്ട്. വ്യാപാരികളുമായി ഏതാനും ദിവസം മുമ്പ് സംഘർഷം ഉണ്ടായെന്നും അതിന് പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നും പോലീസ് അറിയിച്ചു. ചായക്കടയിലെ ആക്രമണം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, പോലീസ് വാഹനം കേടുവരുത്തൽ തുടങ്ങിയ കുറ്റങ്ങളിലാണ് ഇയാൾക്കെതിരേ കേസെടുത്തത്. ഫൈസലിനെതിരേ കളമശേരി, ആലങ്ങാട്, എടത്തല, പാലാരിവട്ടം പോലീസ് സ്റ്റേഷനുകളിൽ അഞ്ച് കേസുകളുണ്ട്.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസ്, എസ്ഐമാരായ സി.ആർ. ഹരിദാസ്, എസ്.എസ്. ശ്രീലാൽ, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ്, എം.എസ്. സന്ദീപ്, എസ്. സുബ്രഹ്മണ്യൻ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.