റോഡരിക് കോൺക്രീറ്റ് ചെയ്തു; ട്രാൻസ്ഫോർമർ വെള്ളക്കെട്ടിൽ
1299398
Friday, June 2, 2023 12:44 AM IST
വാഴക്കുളം: റോഡരിക് കോൺക്രീറ്റ് ചെയ്തതിനെത്തുടർന്ന് ട്രാൻസ്ഫോർമർ വെള്ളക്കെട്ടിലായി. കദളിക്കാടുനിന്ന് തെക്കുംമല വഴിക്കുള്ള കലയക്കാട് ട്രാൻസ്ഫോർമറാണ് വെള്ളത്തിൽ ചുറ്റപ്പെട്ട നിലയിലായത്.
സംസ്ഥാന പാതയുടെ നിരപ്പിൽനിന്ന് അൽപ്പെ താഴെയായിട്ടാണ് തെക്കുംമല റോഡ് സ്ഥിതി ചെയ്യുന്നത്. ഇതുവഴിയുള്ള ഗതാഗതം നിർത്തിവച്ച് ട്രാൻസ്ഫോർമറിനടുത്തുള്ള കലുങ്ക് നിർമാണം പൂർത്തീകരിച്ച് വഴി തുറന്നത് അടുത്ത നാളുകളിലാണ്.
തുടർന്ന് ഈ ഭാഗം കോൺക്രീറ്റ് ചെയ്തപ്പോൾ വെള്ളമൊഴുകുന്ന തോടിനു കുറുകെയുള്ള കലുങ്കിനു സമീപത്തേക്ക് ചായ്വ് കൊടുക്കാതെ ട്രാൻസ്ഫോർമറിനു സമീപത്തേക്ക് ചരിച്ച് കോൺക്രീറ്റ് ചെയ്തതാണ് വെള്ളക്കെട്ടിനു കാരണമായത്. ഇരുവശത്തു നിന്നും വെള്ളമൊഴുകി ട്രാൻസ്ഫോർമറിനു ചുവട്ടിലെത്തുകയാണിപ്പോൾ.
കനത്ത മഴയിൽ വെള്ളമൊഴുകിയെത്തി പോസ്റ്റുകൾ വെള്ളക്കെട്ടിലാകുകയാണ്. ഇതുവഴിയുള്ള കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും കനത്ത ഭീഷണിയാണിത്. ട്രാൻസ്ഫോർമറിൽ അടിയന്തരമായ ആവശ്യമെന്തെങ്കിലുമുണ്ടായാൽ വൈദ്യുതി വകുപ്പ് ജീവനക്കാർക്കും ഇത് സുരക്ഷാ ഭീഷണിയാകുകയാണ്.