പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു
1299403
Friday, June 2, 2023 12:45 AM IST
കൂത്താട്ടുകുളം: പാലക്കുഴ കരിന്പനയിൽ കശാപ്പ് തൊഴിലാളിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ തമിഴ്നാട് കടയം ഭാരതിനഗർ സ്വദേശി നാഗാർജുനനെ (22) പോലീസ് തെളിവെടുപ്പിന് എത്തിച്ചു. തിരുവനന്തപുരം അന്പൂരി സ്വദേശി രാധാകൃഷ്ണനെ ഇരുന്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ പിടിയിലായത്.
ഇന്നലെ ഉച്ചകഴിഞ്ഞാണ് പോലീസ് സംഘം തെളിവെടുപ്പിനായി പ്രതിയെ കൊലപാതകം നടന്ന വീട്ടിൽ എത്തിച്ചത്. തെളിവെടുപ്പിനെതുടർന്ന് വീടിനോട് ചേർന്നുള്ള ഷെഡിൽനിന്നും കൊലപാതകത്തിന് ഉപയോഗിച്ച ഇരുന്പ് പൈപ്പും പോലീസ് കണ്ടെടുത്തു. ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെ കണ്ടെടുത്ത ആയുധം കൊലപാതകത്തിന് ഉപയോഗിച്ചത് തന്നെയാണെന്ന് ഉറപ്പുവരുത്തി.
കൊല്ലപ്പെട്ട രാധാകൃഷ്ണനും പ്രതിയും കരിന്പനയിൽ പാലയ്ക്കത്തടത്തിൽ ബിജുവിന്റെ വീട്ടിലെ താമസക്കാരായിരുന്നു. ശുചിമുറി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിൽ പ്രകോപിതനായ നാഗാർജുൻ മുറ്റത്ത് കിടന്നിരുന്ന ഇരുന്പു പൈപ്പ് ഉപയോഗിച്ച് രാധാകൃഷ്ണന്റെ തലയ്ക്കു പിന്നിൽ രണ്ടുപ്രാവശ്യം അടിക്കുകയായിരുന്നു. മർദനമേറ്റ് ബോധരഹിതനായി വീടിന്റെ നടുമുറിയിൽ കിടന്നിരുന്ന രാധാകൃഷ്ണനെ പ്രതി നടുമുറിയിൽനിന്നും വലിച്ച് കിടപ്പുമുറിയിൽ എത്തിക്കുകയായിരുന്നു.
പിന്നീട് സ്വന്തം സാധനങ്ങൾ പാക്ക് ചെയ്ത് തെങ്കാശിയിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് പോലീസ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ നാലോടെയാണ് രാധാകൃഷ്ണന്റെ മൃതദേഹം കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് പോലീസുകാർ അന്വേഷണത്തിൽ ഏറെ വൈകാതെ തന്നെ ചെങ്കോട്ടയിൽനിന്നും പ്രതിയെ പോലീസ് പിടികൂടി. പുത്തൻകുരിശ് ഡിവൈഎസ്പി ടി.ബി. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്. അറസ്റ്റിലായ പ്രതിയെ മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.