നടപ്പാതകൾ രണ്ടാഴ്ചയ്ക്കകം സഞ്ചാരയോഗ്യമാക്കണം: കോടതി
1299662
Saturday, June 3, 2023 1:02 AM IST
കൊച്ചി: എംജി റോഡിലെ നടപ്പാതകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലാക്കണമെന്ന് ഹൈക്കോടതി. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ഹര്‍ജികളില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഈ ഉത്തരവു നല്‍കിയത്.
മണ്‍സൂണ്‍ അടുത്തെത്തിയ സാഹചര്യത്തില്‍ എംജി റോഡിലെ തകര്‍ന്ന കാനകളുടെ കാര്യത്തില്‍ ആശങ്കയുണ്ട്. ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് നേരത്തെ എംജി റോഡിലെ നടപ്പാതകള്‍ ടൈലുകള്‍ പാകി സഞ്ചാരയോഗ്യമാക്കിയിരുന്നു. എന്നാല്‍ നഗരസഭ കാന വൃത്തിയാക്കാന്‍ ഇവ പൊളിച്ചു. ഇപ്പോള്‍ നടപ്പാതകള്‍ അപകടകരമായ സ്ഥിതിയിലാണ്. മഴക്കാലം തുടങ്ങുന്നതോടെ അപകട സാധ്യത വര്‍ധിക്കും. കാല്‍നടയാത്രക്കാര്‍ക്ക് കാനകളില്‍ വീണു പരിക്കേല്‍ക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്യുന്നത് ചിന്തിക്കാന്‍ പോലുമാകില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു ദുരന്തം പ്രതീക്ഷിക്കണമെന്നും കോടതി പറഞ്ഞൂ.
എംജി റോഡിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പരിശോധന നടത്തി നടപ്പാതകള്‍ സഞ്ചാരയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണം. നഗരസഭാ സെക്രട്ടറിയും നഗരസഭയുടെ എന്‍ജിനീയര്‍മാരും ഇതിനാവശ്യമായ സഹായം നല്‍കണമെന്നും നിര്‍ദേശിച്ചു. ഈ സമയത്തിനകം കാനകള്‍ വൃത്തിയാക്കുന്ന ജോലി പൂര്‍ത്തിയാക്കുന്നുണ്ടെന്ന് നഗരസഭ ഉറപ്പു വരുത്തണം. ഇക്കാര്യത്തില്‍ കോടതി നിയോഗിച്ച അമിക്കസ് ക്യൂറിമാര്‍ നിരീക്ഷണം നടത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാന വൃത്തിയാക്കാനായി നടപ്പാതകള്‍ പൊളിച്ച കൊച്ചി നഗരസഭയാണ് ഇവ പൂര്വസ്ഥിതിയിലാക്കേണ്ടതെന്ന് പൊതുമരാമത്ത് വകുപ്പിന്റെ അഭിഭാഷകന് വിശദീകരിച്ചു. നഗരസഭയുടെ അഭിഭാഷകനും ഇതു ശരിവച്ചു.
എംജി റോഡിലെ കാനകളിലെ നീരൊഴുക്കു ക്രമപ്പെടുത്തി ശാശ്വത പരിഹാരമുണ്ടാക്കാന്‍ 15 കോടി രൂപയുടെ സമഗ്ര പദ്ധതി തയാറാക്കി സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാല്‍ പണികള്‍ തുടങ്ങുമെന്നും പൊതുമരാമത്ത് വകുപ്പ് ഹൈക്കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ അനുമതി നല്കാന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോടു ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജികള്‍ 16 നു വീണ്ടും പരിഗണിക്കും.