മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ 360 മെറ്റബോളിക് സെന്റർ
1299670
Saturday, June 3, 2023 1:05 AM IST
മൂവാറ്റുപുഴ: ജീവിതശൈലീ രോഗമുള്ളവരിൽ രോഗം സങ്കീർണമാകാതിരിക്കാൻ ആവശ്യമായ പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നതിന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ 360 ഡിഗ്രി മെറ്റബോളിക് സെന്റർ തുറക്കും. 15-ാം ധനകാര്യ കമ്മീഷൻ നഗരസഭയ്ക്ക് അനുവദിച്ച 45 ലക്ഷം ചെലവഴിച്ചാണ് എൻസിഡി കെയർ സെന്റർ ആരംഭിക്കുന്നതെന്ന് നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് പറഞ്ഞു. ജീവിതശൈലി രോഗമുള്ളവരിൽ രോഗം സങ്കീർണമാകാൻ സാധ്യതയുള്ളവരെ കണ്ടെത്തി ചികിത്സിക്കുകയാണ് ലക്ഷ്യം.
തുടക്കത്തിൽ നിസാരമെന്ന് കരുതുന്ന ജീവിതശൈലി രോഗങ്ങൾ പിന്നീട് സങ്കീർണമായി മാറുന്നത് പതിവാണ്. രോഗ നിർണയവും കൃത്യസമയത്തുള്ള ചികിത്സയുടെ കുറവുമാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമാകുന്നത്. ഇത് ഫലപ്രദമായി തടയുകയാണ് സെന്റർ തുറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. വൃക്ക തകരാറിലായവർക്ക് കൃത്യസമയത്ത് ആവശ്യമായ ചികിത്സ ലഭ്യമാക്കിയാൽ ഡയാലിസിസിലേക്ക് എത്താതിരിക്കാൻ കഴിയും. ഇത്തരം രോഗികൾക്കുള്ള പരിശോധനയും തുടർ ചികിത്സയും ഇവിടെ ലഭ്യമാകും.
ചെറിയ രീതിയിലുള്ള കാഴ്ച കുറവുകൾ അന്ധതയിലേക്ക് നീങ്ങുന്നത് തടയുന്നതിനും കൈകാൽ തരിപ്പ്, സ്പർശനശേഷി നഷ്ടപ്പെട്ടു തുടങ്ങൽ എന്നീ രോഗങ്ങൾ പിടിപെട്ടവർക്ക് ക്രമേണ അവയവം മുറിച്ചുമാറ്റൽ ഒഴിവാക്കാൻ ന്യൂറോപ്പതി വിഭാഗവും ഇതോടനുബന്ധിച്ച് പ്രവർത്തിക്കും. പെരിഫറൽ ന്യൂറോപ്പതി സമയത്ത് കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും. ശ്വാസകോശ സംബന്ധമായ രോഗമുള്ളവർക്ക് പൾമനറി പരിശോധന നടത്തുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫിസിയോ തെറാപ്പിസ്റ്റ്, ഡോക്ടർ തുടങ്ങിയവരുടെ സേവനം ആഴ്ചയിൽ ആറു ദിവസവുമുണ്ടാകും. സെന്ററിലേക്ക് ആവശ്യമായ ജീവനക്കാരെ ദേശീയ ആരോഗ്യ ദൗത്യം(എൻആർഎച്ച്എം) നിയമിക്കും.
ഈ മാസം അവസാനത്തോടെ ജനറൽ ആശുപത്രിയിലെ പേ വാർഡ് കോംപ്ലക്സിനോട് ചേർന്നാവും 360 ഡിഗ്രി മെറ്റബോളിക് സെന്റർ പ്രവർത്തനമാരംഭിക്കുക.