കെട്ടിട നിർമാണം വൈകുന്നതിൽ കോടതിയുടെ വിമര്‍ശനം
1299676
Saturday, June 3, 2023 1:05 AM IST
കൊച്ചി: നഗരത്തിലെ പി ആന്‍ഡ് ടി കോളനിക്കാരെ പുനരധിവസിപ്പിക്കുന്നതിനു തോപ്പുംപടി മുണ്ടംവേലിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പണി വൈകുന്നതില്‍ കരാറുകാര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം.
കരാര്‍ തുക മുന്‍കൂര്‍ നല്‍കിയാലേ പണി നടക്കൂ എന്നാണ് പറയുന്നതെങ്കില്‍ നിര്‍മാണത്തിന് കരാര്‍ നല്‍കുന്നതെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വാക്കാല്‍ ചോദിച്ചു. ജോലിയിലെ മികവല്ല, മറ്റു പലതുമാണ് കരാറുകാരെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം.
അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതാണു സ്ഥിതിയെങ്കില്‍ എങ്ങനെയാണ് നവകേരളം സൃഷ്ടിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് സിംഗിള്‍ബെഞ്ചിന്റെ വിമര്‍ശനം.
തൃശൂരിലെ ഒരു സഹകരണ സംഘമാണ് കെട്ടിട നിര്‍മാണം കരാറെടുത്തിട്ടുള്ളത്. നിര്‍മാണം വൈകുകയാണെന്ന് നേരത്തെ ജിസിഡിഎ ഹൈക്കോടതിയില്‍ പരാതി ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് കരാറുകാരെ ഹൈക്കോടതി വിമര്‍ശിച്ചത്.
പിആന്‍ഡി കോളനിക്കാരെ പുനരധിവസിപ്പിക്കാനുള്ള ആദ്യകെട്ടിടം ജൂണ്‍ പത്തിനകവും രണ്ടാമത്തെ കെട്ടിടം ജൂണ്‍ 15നും പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്.
ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന് അറിയാമെന്നും ഹൈക്കോടതി പറഞ്ഞു. കാനകളിലെ ചെളിനീക്കം സംബന്ധിച്ച വിഷയം പരിഗണിക്കാന്‍ ഹര്‍ജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ഇതിനിടെ മറൈന്‍ഡ്രൈവില്‍ കഴിഞ്ഞ ദിവസം തണല്‍മരങ്ങള്‍ വെട്ടിമാറ്റിയെന്ന പരാതിയുടെ നിജസ്ഥിതി അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പരാതി ശരിയാണോയെന്നു പരിശോധിച്ചു വിവരം അറിയിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.