വധശ്രമത്തിന് യുവാവിനെതിരേ കേസ്
1299679
Saturday, June 3, 2023 1:07 AM IST
അരൂർ: വധശ്രമത്തിന് കേസെടുത്തു. എഴുപുന്ന പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കമ്പോളത്തു പറമ്പിൽ ജെയ്സൺ (28) നെതിരെയാണ് അരൂർ പോലീസ് കേസെടുത്തത്. കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡിൽ പട്ടാണിശേരി നിഖിൽ രാജു (30) നെ കൊല്ലണമെന്ന ഉദ്യേശത്തോടെ കുത്തി പരുക്കേൽപിച്ചു എന്നതാണ് കേസ്. മൂർച്ചയേറിയ കത്തികൊണ്ട് അഞ്ച് മുറിവുകളാണ് ഉണ്ടാക്കിയത്.
ഇരു കക്ഷങ്ങൾക്കു താഴെ രണ്ട് വീതവും പിൻഭാഗത്ത് ഒരു കുത്തുമാണ് കണ്ടെത്തിയത്. ഇയാളെ ആദ്യം തുറവൂർ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ മുപ്പതിന് രാത്രി എട്ടിനാണ് ആക്രമണം അരങ്ങേറിയത്. കൂട്ടുകാർ തമ്മിലുള്ള വഴക്ക് ചോദ്യം ചെയ്യാൻ എത്തിയതാണ് കത്തിക്കുത്തിൽ അവസാനിച്ചത്. നീണ്ടകര കവലക്ക് സമീപം പോപ്പുലർ മിഷൻ റോഡിൽ വച്ചാണ് ആക്രമണം നടത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.