മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം: കെഎൽസിഎ
1299680
Saturday, June 3, 2023 1:07 AM IST
കൊച്ചി: മണിപ്പൂരിൽ ഗോത്ര വർഗ പ്രക്ഷോഭങ്ങളുടെ മറവിൽ ക്രൈസ്തവസമൂഹത്തിനെതിരെ ആസൂത്രിതമായി നടത്തുന്ന ആക്രമങ്ങൾ പ്രതിഷേധാർഹമാണെന്ന് കെഎൽസിഎ വരാപ്പുഴ അതിരൂപത സമിതി.
മണിപ്പൂരിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശനത്തിന് ശേഷവും കലാപം തുടരുന്ന സാഹചര്യമാണ്.
പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ കൈകൊള്ളണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു. യോഗത്തിൽ അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. മാർട്ടിൻ തൈപറമ്പിൽ , ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, ട്രഷറർ എൻ.ജെ. പൗലോസ്, വൈസ് പ്രസിഡന്റുമാരായ റോയ് ഡിക്കൂഞ്ഞ, എം.എൻ. ജോസഫ്, ബാബു ആന്റണി, മേരി ജോർജ് , സെക്രട്ടറിമാരായ സിബി ജോയ്, ബേസിൽ മുക്കത്ത്, വിൻസ് പെരിഞ്ചേരി, ഫില്ലി കാനപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ റാലികളും സമ്മേളനങ്ങളും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.