കളമശേരിയിൽ ത്രിദിന ജനകീയ ശുചീകരണ പരിപാടി ഇന്നുമുതൽ
1299686
Saturday, June 3, 2023 1:07 AM IST
കളമശേരി: കളമശേരി മണ്ഡലം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ശുചിത്വത്തിനൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായുള്ള ത്രിദിന ജനകീയ ശുചീകരണ പരിപാടി ഇന്ന് ആരംഭിക്കും.
മൂന്നു മുതൽ അഞ്ചു വരെയാണ് ജനകീയ പങ്കാളിത്തത്തോടെയുള്ള തീവ്ര ശുചീകരണ യജ്ഞം. മണ്ഡത്തിലെ തദ്ദേശ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ഹരിത കർമ്മസേന, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകൾ ഉൾപ്പെടെയുള്ള പൗര സമൂഹ സംഘടനകൾ തുടങ്ങിയവരുടേയും എല്ലാ പ്രദേശത്തുമുള്ള ജനങ്ങളുടേയും പങ്കാളിത്തത്തോടെയാണ് പരിപാടി.
ജൂൺ 3 ന് മണ്ഡലത്തിലെ എല്ലാ വീടുകളിൽ നിന്നും ആക്രി സാധനങ്ങളും പ്ളാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കും.
മന്ത്രി പി. രാജീവ് കളമശേരി നഗരസഭയിൽ സ്വന്തം പ്രദേശമായ തിരുനിലത്ത് ലെയ്നിൽ ഗൃഹസന്ദർശന പരിപാടിയിൽ പങ്കെടുക്കും. മണ്ഡലം തല ഉദ്ഘാടനം രാവിലെ 8.30 ന് കളമശേരി ചാക്കോളാസ് ജംഗ്ഷനിൽ മന്ത്രി പി.രാജീവ് നിർവഹിക്കും. ഹൈബി ഈഡൻ എംപി, നഗരസഭാ ചെയർപേഴ്സൺ സീമാ കണ്ണൻ, ഡിപിസി അംഗം ജമാൽ മണക്കാടൻ തുടങ്ങിയവർ പങ്കെടുക്കും.