അനധികൃത നിർമാണം പുരോഗമിക്കുന്നു
1300793
Wednesday, June 7, 2023 1:15 AM IST
വരാപ്പുഴ: കോട്ടുവള്ളി പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോ വകവയ്ക്കാതെ അനധികൃത നിർമാണം പുരോഗമിക്കുന്നു. കോട്ടുവള്ളി കോതകുളം ആലിങ്ങപറമ്പ് തോട് വീതികുറച്ചു ഗതിമാറ്റി വിടാനുള്ള ശ്രമമാണ് അധികൃതർ ഇടപെട്ട് തടഞ്ഞിട്ടും നിർബാധം തുടരുന്നത്. ഫെബ്രുവരിയിൽ നടന്ന ആദ്യ ശ്രമം പഞ്ചായത്ത് അധികൃതരെത്തി തടയുകയും സ്റ്റോപ്പ് മെമ്മോ നൽകുകയുമാണുണ്ടായത്. തുടർന്നാണ് ഇന്നലെ ഇവർ വീണ്ടും നിർമാണം തുടർന്നത്. തടയാൻ ചെന്ന നാട്ടുകാരോടു പഞ്ചായത്തിന്റെ അനുമതിയോടെയാണ് നികത്തുന്നതെന്നു നുണ പറയുകയും ചെയ്തു.
5 മീറ്ററോളം വീതിയുള്ള ആലിങ്ങപ്പറമ്പ് തോടാണു ചെറിയ കാന പോലെ നിർമിക്കാൻ ശ്രമം നടക്കുന്നത്. മഴക്കാലത്തു പ്രദേശത്തെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരമായിരുന്ന തോടു വീതി കുറച്ചു ഗതിമാറ്റി വിടാൻ ശ്രമം നടക്കുന്നതിൽ പ്രതിഷേധം ശക്തമാണ്. പഞ്ചായത്ത് പരിധിയിൽ തോടു കൈയേറ്റങ്ങൾ വ്യാപകമായിട്ടും പഞ്ചായത്ത് അധികൃതർ കുറ്റക്കാർക്കെതിരേ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ഇന്ന് സ്ഥലം സന്ദർശിക്കുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.