എസ്എഫ്ഐ നേതാക്കള്‍ക്കായി അധ്യാപകര്‍ എന്തു നെറികേടും കാട്ടുന്നു: മുഹമ്മദ് ഷിയാസ്
1300796
Wednesday, June 7, 2023 1:17 AM IST
കൊച്ചി: എസ്എഫ്ഐ നേതാക്കള്‍ക്കു വേണ്ടി എന്ത് നെറികേടും കാണിക്കാന്‍ അധ്യാപകര്‍ തയാറാകുന്നുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയെ ജയിപ്പിച്ചതും വിദ്യയ്ക്ക് അനര്‍ഹമായി എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കിയതും ഇതിനു തെളിവാണ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് സമാനമായി എസ്എഫ്ഐക്കാര്‍ക്ക് എന്തും ചെയ്യാവുന്ന തരത്തിലേക്ക് മഹാരാജാസ് കോളജിനെ അധഃപതിപ്പിച്ചത് അധ്യാപകരും ജീവനക്കാരും ചേര്‍ന്നാണ്. പരീക്ഷ എഴുതാതെ എസ്എഫ്ഐ നേതാക്കളെ ജയിപ്പിക്കുന്നതും ക്ലാസില്‍ പോലും കയറാത്ത എസ്എഫ് ഐക്കാരെ മാര്‍ക്ക്ദാനവും അനര്‍ഹമായ പരിഗണനകളും നല്കി ജയിപ്പിക്കുന്നതും മഹാരാജാസ് കോളജില്‍ പതിവാണ്.
ഇത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ നേരത്തെ തന്നെ പരാതി നല്കിയിട്ടുള്ളതാണ്. വിദ്യ നല്‍കിയിട്ടുള്ള എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ജനം വിശ്വസിക്കില്ല. ഇതില്‍ ആര്‍ഷോയുടെയും എസ്എഫ്ഐയുടെയും പങ്ക് അന്വേഷിക്കണം.
കോളജിന്റെ സീലും ലെറ്റര്പാഡുമൊക്കെ എസ്എഫ്ഐ ദുരുപയോഗപ്പെടുത്തുകയാണ്. അധ്യാപകര്‍ ഇതിനെല്ലാം കൂട്ടുനില്‍ക്കുന്നു. കലാലയങ്ങളില്‍ എസ്എഫ്ഐക്കാര്‍ക്ക് ഒരു നിയമവും മറ്റു വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു നിയമവുമാണ്.
ഗവേഷണവും നിയമനവും അടക്കമുള്ള അക്കാദമിക് തലങ്ങളിലെല്ലാം വഴിവിട്ട് എസ്എഫ്ഐക്കാരെ കുത്തിനിറയ്ക്കുകയാണ്.
അക്കാദമിക് മേഖലയാകെ കുത്തഴിഞ്ഞ നിലയിലാണ്. മിടുക്കരായ വിദ്യാര്ഥികളെയെല്ലാം മാറ്റിനിര്‍ത്തിയാണ് ക്ലാസില്‍ കയറുകയോ പരീക്ഷ എഴുതുകയോ ചെയ്യാത്ത എസ്എഫ്ഐക്കാരെ എല്ലായിടത്തും തിരുകിക്കയറ്റുന്നതെന്നും ഷിയാസ് ആരോപിച്ചു.