ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകാം
1300799
Wednesday, June 7, 2023 1:17 AM IST
കൊച്ചി: സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള മാലിന്യ നീക്കം വിജയം കാണാത്ത സാഹചര്യത്തില്‍ അടിയന്തര നടപടിയെന്ന നിലയില്‍ ജൈവമാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുമതി. ഓണ്‍ലൈനില്‍ ചേര്‍ന്ന മന്ത്രിതല മീറ്റിംഗിലാണ് തീരുമാനം.
സ്വകാര്യ ഏജന്‍സികള്‍ എടുത്തതിനു ശേഷമുള്ള മാലിന്യമാണ് ബ്രഹ്മപുരത്തേക്ക് കൊണ്ടുപോവുക.
നിലവില്‍ രണ്ട് സ്വകാര്യ ഏജന്‍സികള്‍ 60 ടണ്‍ മാലിന്യം കൊണ്ടുപോകുന്നുണ്ടെന്നാണ് കോര്പറേഷന് അവകാശപ്പെടുന്നത്.
ശേഷിക്കുന്ന 50 ടണ്‍ മാലിന്യമാകും ദിവസേന ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുക.
എന്നു മുതല്‍ മാലിന്യം കൊണ്ടുപോകുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
കുടുതല്‍ മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് എത്തുമ്പോള്‍ അത് വേഗത്തില്‍ സംസ്കരിക്കപ്പെടുന്നതിനുള്ള ആധുനിക സൗകര്യങ്ങള്‍ ഉണ്ടാകണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിര്‍ദേശിച്ചു.
പുതിയൊരു പ്ലാന്റ് നിര്‍മിക്കുന്നതിനും നിലവിലെ പ്ലാന്റ് തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനും സമയമെടുക്കും. വേഗത്തിലുള്ള പരിഹാരമാര്‍ഗമാണ് വേണ്ടത്.
15 ടണ്‍ മാലിന്യം സംസ്കരിക്കാന്‍ കഴിയുന്ന ചെറിയ പോര്‍ട്ടബിള്‍ യന്ത്രങ്ങള്‍ വാങ്ങിച്ചാല്‍ ബ്രഹ്മപുരത്ത് എത്തുന്ന മാലിന്യങ്ങള്‍ അതാത് ദിവസം തന്നെ സംസ്കരിക്കാന്‍ കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വിമർശനവുമായി മന്ത്രി രാജീവ്
കൊച്ചി നഗരത്തിലെ മാലിന്യ സംസ്കരണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനമായിരുന്നു ജില്ലയുടെ ചുമതലകൂടിയുള്ള മന്ത്രി പി. രാജീവിന്.
നഗരത്തില്‍ ഇതുവരെ 600 ബയോബിന്നുകള്‍ വീടുകളില്‍ വിതരണം ചെയ്തെന്ന മേയറുടെ മറുപടി മന്ത്രിയെ പ്രകോപിപ്പിച്ചു. സമീപ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും മൂവായിരം ബയോബിന്നുകള്‍ വരെ വിതരണം ചെയ്തപ്പോള്‍ കൊച്ചി നഗരത്തില്‍ ഇത്രയും കുറവ് അനാസ്ഥയാണെന്ന് മന്ത്രി വിമര്‍ശിച്ചു.
ബ്രഹ്മപുരം വീണ്ടും തുറക്കുന്നതിനോട് വിയോജിപ്പുള്ള ആളാണ് മന്ത്രി രാജീവ്. ഇക്കാര്യം കഴിഞ്ഞ ദിവസം മന്ത്രി പരസ്യമാക്കുകയും ചെയ്തിരുന്നു. മാലിന്യം നിക്ഷേപിക്കാന്‍ തല്ക്കാലം ബ്രഹ്മപുരം തുറന്നു നല്‍കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
പഴയതുപോലെ ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകുന്നതിന് സര്‍ക്കാരിനോട് അനുമതി തേടുമെന്നുള്ള മേയറുടെ പരാമര്‍ശം വന്നതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം മാലിന്യ നീക്കം പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. അഞ്ചു ദിവസമായി നഗരത്തില്‍ നിന്ന് മാലിന്യം കൊണ്ടുപോകുന്നില്ലെന്നാണ് പരാതി. പ്രധാന റോഡുകളില്‍ പോലും മാലിന്യകൂമ്പാരമായി. രണ്ട് ഏജന്‍സികള്‍ക്ക് ദിവസേന 40 ടണ്‍ മാലിന്യം മാത്രമേ കൊണ്ടുപോകാന്‍ കഴിയുന്നുള്ളൂ.
കൊച്ചി പോലുള്ള നഗരത്തിലെ മാലിന്യം കൈകാര്യം ചെയ്യാന്‍ ശേഷിയില്ലാത്ത കമ്പനികൾക്കാണ് മേയര്‍ പ്രത്യേക താല്പര്യമെടുത്ത് കരാര്‍ നല്‍കിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആരോപിച്ചു.