ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ വേ​ഗ​ത്തി​ലാ​ക്കും
Wednesday, June 7, 2023 1:17 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ന​ട​പ​ടി. അ​റ്റ്‌​ലാ​ന്‍റി​സ് റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ​യും വ​ടു​ത​ല റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​പ്റ്റം​ബ​റോ​ടെ​യും സ്ഥ​ലം കൈ​മാ​റു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ഴു​വ​ന്‍ ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശം.
ചേ​രാ​ന​ല്ലൂ​ര്‍-ഏ​ലൂ​ര്‍ ചൗ​ക്ക പാ​ലം നി​ര്‍​മാ​ണം, കു​മ്പ​ളം-​തേ​വ​ര പാ​ലം നി​ര്‍​മാ​ണം, വ​ടു​ത​ല-​പേ​ര​ണ്ടൂ​ര്‍ പാ​ലം നി​ര്‍​മാ​ണം, ത​മ്മ​നം-​പു​ല്ലേ​പ്പ​ടി റോ​ഡ് വി​ക​സ​നം എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ക​യും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.
ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്. ബി​ന്ദു, ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ ബി​നു സെ​ബാ​സ്റ്റ്യ​ന്‍, ബോ​ബി റോ​സ്, ബേ​സി​ല്‍ എ. ​കു​രു​വി​ള, സോ​ണി ബേ​ബി, വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.