വിവാഹ ജൂബിലിക്കു നന്മയുടെ നിർമിതി; മാതൃകയായി ജോൺസണും മേഘയും
1301021
Thursday, June 8, 2023 1:02 AM IST
കൊച്ചി: കേക്ക് മുറിച്ചും ആളെക്കൂട്ടി പാർട്ടി നടത്തിയുമുള്ള ആഘോഷപ്പൊലിമകളെ അകറ്റിനിർത്തി, വിവാഹത്തിന്റെ രജതജൂബിലിക്കു നന്മയുടെ തിളക്കം പകർന്ന് ജോൺസൺ-മേഘ ദന്പതികൾ. തങ്ങളുടെ 25-ാം വിവാഹ വാർഷികത്തെ, നിർധന കുടുംബത്തിനു വീടു നിർമിച്ചു നൽകി അനശ്വരമാക്കുകയാണിവർ.
ചാവറ മാട്രിമണി എക്സിക്യുട്ടീവ് ഡയറക്ടറും ജീവകാരുണ്യ പ്രവർത്തകനുമായ എറണാകുളം സ്വദേശി ജോൺസൺ സി. ഏബ്രഹാമും ഭാര്യ മേഘ ജോൺസണുമാണ് വിവാഹവാർഷികത്തിനു നന്മയുടെ നിറം പകരുന്നത്. വൈപ്പിൻ സ്വദേശിക്കു നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് നിർവഹിക്കും.
തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഹൗസ് ചലഞ്ച് പദ്ധതി വഴിയാണു ജോൺസന്റെ ജൂബിലി സമ്മാനം കൈമാറുന്നത്. വിവാഹ വാർഷികത്തിന്റെ സ്മരണയ്ക്കായി, അർഹതയുള്ള കുടുംബത്തിന് വീടു നിർമിച്ചു നൽകാനുള്ള ആഗ്രഹം ജോൺസണും മേഘയും ഹൗസ് ചലഞ്ച് പദ്ധതിയുടെ കോ-ഓർഡിനേറ്റർ കൂടിയായ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലയ്ക്കലിനെ അറിയിക്കുകയായിരുന്നു. കോവിഡിന്റെ പ്രതിസന്ധികളിൽ പ്രതിസന്ധിയിലായ സ്കൂളിലെ പൂർവവിദ്യാർഥിയുടെ കുടുംബത്തിനാണ് വീട് നിർമിച്ചു നൽകിയത്. തോപ്പുംപടി ഔവർ ലേഡീസ് സ്കൂളിൽ ഇന്ന് ഉച്ചയ്ക്കു രണ്ടിനാണ് വീടിന്റെ താക്കോൽ മന്ത്രി കൈമാറുന്നത്.
കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ്, ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ എംപയർ പ്രസിഡന്റ് എന്നീ നിലകളിൽ സാമൂഹ്യസേവന രംഗങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ജോൺസൺ സജീവമാണ്. വിദ്യാർഥികളായ ഏബൽ, അൽവീന, ആരോൺ എന്നിവർ മക്കളാണ്. 1998 ഫെബ്രുവരി 22നാണു ജോൺസനും മേഘയും വിവാഹിതരായത്.
നേരത്തെ ജോൺസൺ -മേഘ ദന്പതികൾ തങ്ങളുടെ പുതിയ വീട് നിർമിച്ച ഘട്ടത്തിൽ പള്ളുരുത്തിയിലെ ഒരു നിർധന കുടുംബത്തിനുകൂടി വീടൊരുക്കി നൽകിയിരുന്നു. ഒരേ ദിനത്തിലായിരുന്നു ഇരു വീടുകളുടെയും ഗൃഹപ്രവേശം.