കണിയാമ്പുഴ റോഡിന് വീതി കൂട്ടാൻ റവന്യൂ വകുപ്പ് ഉത്തരവ്
1301472
Friday, June 9, 2023 11:56 PM IST
തൃപ്പൂണിത്തുറ: വൈറ്റില മൊബിലിറ്റി ഹബിൽനിന്ന് മാത്തൂർ മേൽപ്പാലം വരെയുള്ള റോഡ് വീതി കൂട്ടുന്നതിന് റവന്യൂ വകുപ്പിന്റെ ഉത്തരവായതായി കെ. ബാബു എംഎൽഎ അറിയിച്ചു. വീതി കുറഞ്ഞ സ്ഥലങ്ങളിൽ വീതി കൂട്ടുകയും, വളവുകൾ നിവർത്തിയും 10 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കും. 7.5 മീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി റോഡ്, ഒരു മീറ്റർ വീതിയിൽ കാര്യേജ് വേ ഇരുവശവും, ഡ്രെയിനേജ് ഫെസിലിറ്റി എന്നിവയുണ്ടാകും.
ആദ്യഘട്ടമായി നടമ വില്ലേജിൽ ഉൾപ്പെടുന്ന വിവിധ സർവേ നമ്പറിൽപെട്ട 262 സെന്റ് സ്ഥലം ഏറ്റെടുക്കും. വൈറ്റില മൊബിലിറ്റി ഹബ്ബ് മുതൽ മാത്തൂർ പാലം വരെയുള്ള ഒന്നര കിലോമീറ്റർ സ്ഥലമാണ് പ്രഥമഘട്ടത്തിൽ ഏറ്റെടുക്കുന്നത്. ഇതിന്റെ പ്രാരംഭനടപടിയായി കളക്ടർ അക്വിസിഷൻ ഉദ്യോഗസ്ഥനെ നിയോഗിക്കും.
ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് രണ്ടാംഘട്ട പദ്ധതി നടപ്പിലാക്കുമെന്നും എംഎൽഎ പറഞ്ഞു.
കണിയാമ്പുഴ റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെപ്പറ്റി കഴിഞ്ഞ 5ന് ദീപികയിൽ വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ് വന്നിരിക്കുന്നത്.