കൊച്ചി വിമാനത്താവളത്തിൽ കോടിയുടെ സ്വർണം പിടികൂടി
1336909
Wednesday, September 20, 2023 5:56 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തികൊണ്ടു പോകാൻ ശ്രമിച്ച 2320 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചു. വിപണിയിൽ ഇതിന് 1.06 കോടി രൂപ വിലയുണ്ട്.രണ്ട് യാത്രക്കാരിൽ നിന്നായാണ് സ്വർണം കണ്ടെടുത്തത്.
ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി മുഹമ്മദിൽ നിന്നാണ് 58 ലക്ഷം രൂപ വിലയുള്ള 1228 ഗ്രാം സ്വർണം കണ്ടെടുത്തത്. കുഴമ്പു രൂപത്തിലാക്കിയ സ്വർണം ധരിച്ചിരുന്ന ജീൻസിന്റെ അരക്കെട്ട് ഭാഗത്ത് പ്രത്യേകം ഉണ്ടാക്കിയ രണ്ട് പാളികളിലായാണ് ഒളിപ്പിച്ചിരുന്നത് .
ക്വലാംലംപൂരിൽ നിന്നും ആകാശ് എയർ വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി സാദിഖിൽ നിന്നാണ് 48 ലക്ഷം രൂപ വിലയുള്ള 1092 ഗ്രാം സ്വർണം പിടിച്ചത്. സ്വർണ മിശ്രിതം നാല് കാപ്സ്യൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കൊണ്ടുവന്നത് . സ്വർണം കണ്ടുകെട്ടി രണ്ട് യാത്രക്കാരെയും കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.