ദേശീയപാതാ വികസനം എന്‍എച്ച് അഥോറിറ്റി ചെയര്‍മാനുമായി എംപിമാർ കൂടിക്കാഴ്ച നടത്തി
1337147
Thursday, September 21, 2023 5:45 AM IST
അങ്കമാലി: ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെയും കോട്ടയത്തിലെയും ദേശീയ പാതകളുടെ വികസനം സംബന്ധിച്ച വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എംപിമാരായ ബെന്നി ബഹനാൻ, തോമസ് ചാഴിക്കാടന് എന്നിവര്‍ നാഷണല്‍ ഹൈവേ അഥോറിറ്റി ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി.
ആറുവരി പാതയുടെ നിര്‍മാണം പുരോഗമിക്കുന്ന ദേശീയ പാത 66ലെ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വിവിധ ഭാഗങ്ങളില്‍ ആവശ്യമായ അടിപ്പാതകള്‍, കനാലുകള്‍, സര്‍വീസ് റോഡുകള്‍, കലുങ്കുകള്‍ എന്നിവ പുതിയതായി ഉള്‍പ്പെടുത്തി ദേശീയപാത നിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ കരാര്‍ കമ്പനിക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്ന് ബെന്നി ബഹനാന് ദേശീയപാത അതോറിറ്റി ചെയര്‍മാനോട് ആവശ്യപ്പെട്ടു.
തൃപ്പൂണിത്തുറ ബൈപാസിനു വേണ്ടി മൂന്നു പതിറ്റാണ്ട് മുന്‍പ് ഏറ്റെടുത്ത സ്ഥലം ഉപയോഗപ്പെടുത്തിയിട്ടില്ലാത്തതിനാല് പ്രസ്തുത സ്ഥലം ഉപയോഗപ്പെടുത്തി കൊച്ചി-തേനി ഗ്രീന്‍ ഫീല്‍ഡ് ബൈപാസിന് സമാന്തരമായി തൃപ്പൂണിത്തുറയ്ക്ക് സമീപം മറ്റൊരു സ്വതന്ത്ര ബൈപാസ് നിര്‍മിക്കണമെന്നും എംപിമാര്‍ ദേശീയപാത അഥോറിറ്റി ചെയര്‍മാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ പ്ലാന്‍ അനുസരിച്ച് പല സ്ഥലങ്ങളിലും അടിപ്പാത നിര്ദേശിച്ചിട്ടില്ലതിനാല് പ്രദേശവാസികള്‍ക്ക് വളരെദൂരം ചുറ്റി സഞ്ചരിച്ചാല്‍ മാത്രമേ ദേശീയപാതയുടെ ഇരുവശങ്ങളിലേക്കും മുറിച്ചു കടക്കാന്‍ കഴിയൂ. കൂടാതെ നിലവിലുള്ള കനാലുകള്‍, തോടുകള്‍, കലുങ്കുകള്‍ എന്നിവ പല സ്ഥലങ്ങളിലും ദേശീയപാതയുടെ നിര്‍മാണ സമയത്ത് അടഞ്ഞുപോയിട്ടുള്ളത് വെള്ളക്കെട്ടിന് ഇടയാക്കും. അതിനാല്‍ ഹൈവേ മുറിച്ചു കടക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും പര്യാപ്തമായ അടിപ്പാത, കനാലുകള്‍, കലുങ്കുകള്‍ എന്നിവ പ്ലാനില്‍ കൂട്ടിച്ചേര്‍ത്ത് ദേശീയപാത നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടതിന്റെ ആവശ്യകതയും എംപിമാര്‍ ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെടുത്തി.
ആലുവയില്‍ എന്‍എച്ച് 544ല്‍ പുതിയ പാലത്തിന്റെ ആവശ്യകതയും പാലം വരുന്നതുവഴി പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യവും ബഹനാന് ചെയര്‍മാന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു.