ഭൂതത്താൻകെട്ടിൽ രാജവെന്പാലയെ പിടികൂടി
1340076
Wednesday, October 4, 2023 5:42 AM IST
കോതമംഗലം: ഭൂതത്താൻകെട്ടിൽ റിസോർട്ടിന് പിൻവശത്തുനിന്നു കൂറ്റൻ രാജവെന്പാലയെ പിടികൂടി. പാന്പ് പിടുത്ത വിദഗ്ധൻ മാർട്ടിൻ മേക്കമാലിയാണ് രാജവെന്പാലയെ പിടികൂടിയത്. പൂന്തോട്ടത്തിലെ ചെടിയുടെ മുകളിലായിരുന്നു രാജവെന്പാല. സ്റ്റിക്കുകൊണ്ട് പിടികൂടാൻ കഴിയാതെവന്നതോടെ കൈകൾകൊണ്ട് സാഹസികമായാണ് മാർട്ടിൻ മേക്കമാലി രാജവെന്പാലയെ കീഴടക്കിയത്.
പന്ത്രണ്ടടിയോളം നീളവും പത്ത് കിലോയിലേറെ ഭാരവുമുള്ള ഭീമൻ രാജവെന്പാലയാണ് പിടിയിലായത്. ഒരാഴ്ചയായി പാന്പിനെ പ്രദേശത്ത് കണ്ടിരുന്നു.
എന്നാൽ പിടിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല. അനൂകൂലമായ സാഹചര്യം ഒത്തുവന്നതോടെയാണ് വനപാലകരുടെ നിർദേശപ്രകാരം മാർട്ടിൻ ദൗത്യം ഏറ്റെടുത്തത്. രാജവെന്പാലയെ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ കൂട്ടിലേക്ക് മാറ്റി.ഏതാനും ആഴ്ച നിരീക്ഷിച്ചശേഷം വനത്തിൽ തുറന്നുവിടും.