സുഭാഷ് പാര്‍ക്കിലെ പുതിയ ജലശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു
1340092
Wednesday, October 4, 2023 5:44 AM IST
കൊച്ചി: ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍) കൊച്ചി റിഫൈനറിയുടെ സഹകരണത്തോടെ കൊച്ചി കോര്പറേഷന് സുഭാഷ് പാര്‍ക്കിലെ ജലസേചനത്തിനായി ഒരുക്കിയ ജലശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മേയര്‍ അഡ്വ. എം. അനില്‍കുമാറും ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഭയ് രാജ് സിംഗ് ഭണ്ഡാരിയും സംയുക്തമായാണ് ഉദ്ഘാടനം നിർവഹിച്ചത്.
സുഭാഷ് ബോസ് പാര്‍ക്കില്‍ നിലവില്‍ ജലസേചനത്തിനായി ഉപയോഗിക്കുന്നത് കുഴൽകിണറിൽനിന്ന് എടുക്കുന്ന ജലമാണ്. എന്നാല്‍ ഈ ജലത്തിലെ ഉയര്‍ന്ന ഇരുമ്പിന്റെ അംശവും വേനല്‍ക്കാലത്ത് കൂടുന്ന ലവണാംശവും മൂലം പാര്‍ക്കിലെ സസ്യജാലങ്ങള്‍ക്ക് പ്രശ്നങ്ങൾ നേരിട്ടിരുന്നു. ജലശുദ്ധീകരണ സംവിധാനം സ്ഥാപിക്കുന്നതോടെ ഈ പ്രശ്നത്തിന് ഒരു ശ്വാശത പരിഹാരമാകുമെന്ന് മേയര്‍ പറഞ്ഞു.
പ്രതിദിനം 50,000 ലിറ്റര്‍ ജലശുദ്ധീകരണ ശേഷിയുള്ള ജലശുദ്ധീകരണ പ്ലാന്റാണ് പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്നത്. ശുദ്ധീകരിക്കപ്പെടുന്ന ഭൂഗര്‍ഭജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ജലശുദ്ധീകരണ പ്ലാന്റില്‍ സാന്‍ഡ് ഫില്‍റ്റര്‍, കാര്‍ബണ്‍ ഫില്‍റ്റര്‍, ഇരുമ്പിന്റെ അംശം നീക്കം ചെയുന്നതിനുള്ള ഫില്‍റ്റര്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാര്‍ക്കില്‍ പൊതുജനങ്ങൾക്കായുള്ള കുടിവെള്ളത്തിനായി രണ്ട് വാട്ടര്‍ പ്യൂരിഫയറുകളും ഇതോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്. ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷരായ ജെ.സനല്‍മോന്‍, പി.ആര്. റനീഷ്, ഷീബ ലാല്‍, സുനിത ഡിക്സണ്‍, പ്രിയ പ്രശാന്ത്, ഡിവിഷന് കൗണ്‍സിലര്‍ പത്മജ എസ്. മേനോന്, അഡീഷണല്‍ സെക്രട്ടറി വി.പി. ഷിബു, ജോര്‍ജ് തോമസ്, വിനീത് എം.വര്‍ഗീസ്, ഡോ. രാജന് എന്നിവര്‍ പ്രസംഗിച്ചു.