സൗഖ്യസദന് 30-ാം വാര്‍ഷികം ആഘോഷിച്ചു
1340093
Wednesday, October 4, 2023 5:44 AM IST
കൊച്ചി: പുതിയ തലമുറയുടെ വിദേശത്തേക്കുള്ള കുടിയേറ്റം കുടുംബങ്ങളിലെ പ്രായമായവരെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നത് നാം തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്ന് അനൂപ് ജേക്കബ് എംഎല്‍എ അഭിപ്രായപ്പെട്ടു. എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തില്‍ ചെത്തിക്കോട് പ്രവര്‍ത്തിച്ചുവരുന്ന സൗഖ്യസദന് വയോജനമന്ദിരത്തിന്റെ മുപ്പതാം വാര്‍ഷികവും വയോജനദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെത്തിക്കോട് പള്ളി വികാരി ഫാ. സുബിന് കിടങ്ങേന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജയകുമാര്‍ വയോജനങ്ങളെ ആദരിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ മുഖ്യപ്രഭാഷണം നടത്തി.
ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സഭാ പ്രൊവിന്‍ഷ്യാല്‍ കൗണ്‍സിലര്‍ അഡ്വ. സിസ്റ്റര്‍ ഷെഫി ഡേവിസ് വയോജനദിന സന്ദേശം നല്കി. എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് അംഗം ജൂലി ജെയിംസ്, സഹൃദയ അസി. ഡയറക്ടര്‍ ഫാ. സിബിന് മനയംപിള്ളി, ഫാമിലി യൂണിയന് വൈസ് ചെയര്മാന് അഡ്വ. ജോസ് കുര്യാക്കോസ്, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഫില്‍സി എന്നിവര്‍ സംസാരിച്ചു. രാവിലെ നടന്ന കൃതജ്ഞതാ ദിവ്യബലിക്ക് തൃപ്പുണിത്തുറ ഫൊറോനാ വികാരി ഫാ. തോമസ് പെരുമായന് മുഖ്യകാര്‍മികനായിരുന്നു.