അരിമില്ലില്‍നിന്ന് മലിനജലം തോട്ടിലേക്ക്
1340094
Wednesday, October 4, 2023 5:44 AM IST
പെരുമ്പാവൂര്‍: കുറുപ്പംപടി അശമന്നൂര്‍ പഞ്ചായത്തിലെ തലപ്പുഞ്ചയില്‍ പ്രവര്‍ത്തിക്കുന്ന റൈസ്കോ അഗ്രോ ഫുഡ്സ് അരിമില്ലില്‍നിന്ന് മലിനജലം പൊതുതോട്ടിലേക്കും പാടശേഖരങ്ങളിലേക്കും വീണ്ടും തുറന്നുവിട്ടതായി പരാതി. അവധിദിനം നോക്കി സമീപത്തെ പാടശേഖരങ്ങളിലേക്കും പൊതുതോട്ടിലേക്കും ലക്ഷക്കണക്കിന് ലിറ്റര്‍ മലിനജലം പുറന്തള്ളിയത്.
തലപ്പുഞ്ചയിലെ കുടിവെള്ള സ്രോതസുകളും ഉറവുചാലുകളും വന്‍ ഭീഷണിയിലാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അശമന്നൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡിലാണ് പരിസര മലിനീകരണമുണ്ടാക്കുന്ന റൈസ്മില്‍.
വെള്ളത്തിലിറങ്ങിയ കര്‍ഷകരുടെ കൈകാലുകള്‍ക്ക് പുകച്ചിലുണ്ട്. ചര്‍മം വിണ്ടുകീറി. തോട്ടില്‍ മീനുകള്‍, തവളകള്‍, ഞണ്ടുകള്‍, ഞവണിക്ക്, മണ്ണിര എന്നിവ ചത്തു പൊങ്ങിയിരുന്നു. പ്രദേശവാസികള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ ജോബി ഐസക്ക്, മെമ്പര്‍മാരായ ജിജു ജോസഫ്, പി.പി. രഘുകുമാര്‍, കുറുപ്പംപടി പോലീസ് സ്റ്റേഷന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്ത് എത്തി. മനപ്പൂര്‍വമായി മാലിന്യം ഒഴുക്കിയ നടപടിക്കെതിരെ കേസെടുക്കുമെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സംയുക്ത പരിശോധന സംഘം പ്രദേശവാസികള്‍ക്ക് ഉറപ്പു നല്കി.