എറണാകുളം മെഡിക്കല്‍ കോളജിന് 36 പദ്ധതികള്‍
1340096
Wednesday, October 4, 2023 5:44 AM IST
കൊച്ചി: രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉപകാരപ്രദമായ രീതിയിലുള്ള സൗകര്യങ്ങളൊരുക്കി എറണാകുളം മെഡിക്കല്‍ കോളജ്. 17 കോടി രൂപയുടെ 36 പദ്ധതികളാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. രണ്ടു വര്‍ഷമാണ് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് എടുത്തത്.
പദ്ധതിവിഹിത ഫണ്ടില്‍ പൂര്‍ത്തീകരിച്ച നാലു കോടി രൂപ ചെലവില്‍ ഒരുക്കിയ വിവിധ ബ്ലോക്കുകളെയും ഓപ്പറേഷന് തിയറ്റുകളെയും ബന്ധിപ്പിക്കുന്ന റാമ്പ്, നവീകരിച്ച ബേണ്‍സ് യൂണിറ്റ്, 15 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പ്രിവന്റീവ് ക്ലിനിക്, ജീവനക്കാരുടെ കുട്ടികളെ പരിപാലിക്കുന്നതിനായി നിര്‍മിച്ച ക്രഷ് യൂണിറ്റ്, സ്ത്രീ രോഗ വിഭാഗത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പണികഴിപ്പിച്ച വനിതാ വിശ്രമ കേന്ദ്രം, അത്യാധുനിക മൊബൈല്‍ റേഡിയോഗ്രാഫി യൂണിറ്റ്, ഗ്ലാസ് ഡോര്‍ സംവിധാനമുള്ള അത്യാധുനികമായ നാല് ലിഫ്റ്റുകള്‍, താക്കോല്‍ദ്വാര തിമിര ശസ്ത്രക്രിയ നടത്തുന്ന ഫാക്കോ എമല്സിഫിക്കേഷന് മെഷീന് എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
അസ്ഥിരോഗ വിഭാഗത്തിലെ ഓപ്പറേഷന് തിയറ്ററിലേക്ക് വാങ്ങിയ അത്യാധുനിക സി ആം മെഷീന്, 24 സിസിടിവി കാമറകള്‍, എംഇയു സ്കില്‍ ലാബ്, 45 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച ഏഴ് വാര്‍ഡുകള്‍, കൂട്ടിരിപ്പുകാരായ സ്ത്രീകള്‍ക്കായി പണികഴിപ്പിച്ച വനിതാ വിശ്രമ കേന്ദ്രം, മണിക്കൂറില്‍ 1300 ടെസ്റ്റുകള്‍ ചെയ്യാന്‍ കഴിയുന്ന ഫുള്‍ ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസര്‍ സംവിധാനം, നേത്രരോഗ വിഭാഗത്തില്‍ സ്ഥാപിച്ച റെറ്റിനല്‍ ലേസര്‍ മെഷീന്, ഒപി രോഗികളുടെ സൗകര്യാർഥം സ്ഥാപിച്ചിരിക്കുന്ന ബ്ലെഡ് കളക്ഷന്‍ യൂണിറ്റ്, 4.3 ലക്ഷം രൂപ ചെലവില്‍ ആരംഭിച്ച ഇ ഓഫീസ് സംവിധാനം, 5 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച ലേബര്‍ റൂമിലെ ഓപ്പറേഷന് തിയറ്റര്‍, 40 ലക്ഷം രൂപയുടെ ഡി അഡിക്ഷന് യൂണിറ്റ്, 93 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, നേത്രരോഗ വിഭാഗത്തിലേക്ക് വാങ്ങിയ നൂതന സാങ്കേതികവിദ്യയിലുള്ള അപ്ലനേഷന് ടോണോ മീറ്റര്‍, 25 ലക്ഷം രൂപ ചെലവില്‍ വാങ്ങിയ അഞ്ച് ഡയാലിസിസ് മെഷീനുകള്‍, കാസ്പ് ഫാര്‍മസി, ഒപി രജിസ്ട്രേഷന്, ഒപി ഫാര്‍മസി എന്നിവിടങ്ങളില്‍ സ്ഥാപിച്ച ടോക്കണ്‍, ടു വേ കമ്യൂണിക്കേഷന്‍ സംവിധാനം, 2.25 കോടി രൂപ ചെലവില്‍ നിർമിച്ച എട്ട് എച്ച്ഡിയു കിടക്കകളും നാല് ഐസിയു കിടക്കകളും ഉള്ള സെന്റര്‍ ഓഫ് എക്സലന്‍സ്, വാട്ടര്‍ ക്വാളിറ്റി മോണിട്ടറിംഗ് സംവിധാനം, അഗതികള്‍ക്കായുള്ള ഡ്രസ് ബാങ്ക് ( സ്നേഹവസ്ത്രം ) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാന്റീന് ആന്‍ഡ് കഫറ്റീരിയ തുടങ്ങിയവയാണ് കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചത്.