മത്സ്യബന്ധന വള്ളം കടലിൽ മുങ്ങി; തൊഴിലാളികളെ രക്ഷപ്പെടുത്തി
1340099
Wednesday, October 4, 2023 5:45 AM IST
വൈപ്പിൻ: മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കടലിൽ മുങ്ങിയ മൂന്ന് മൽസ്യത്തൊഴിലാളികളെ അതുവഴിവന്ന മറ്റൊരു മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ ചെല്ലാനം മറവുക്കാട് ഭാഗത്ത് പടിഞ്ഞാറാണ് അപകടമുണ്ടായത്. ശ്രീമുത്തപ്പൻ എന്ന വള്ളമാണ് തിരയിൽപ്പെട്ട് മുങ്ങിയത്. മാലിപ്പുറം വളപ്പ് അഞ്ചലശേരി എ.പി. രമണൻ (50), കൊല്ലമ്പറമ്പിൽ കെ.ബി. നടേശൻ (52) , ഞാറക്കൽ യശോദ പറമ്പിൽ ഷാജി (54) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
വള്ളത്തിലുണ്ടായിരുന്നവർ നീന്തുന്നത് കണ്ട അതുവഴിവന്ന അനിൽ എന്ന മത്സ്യ ബന്ധന ബോട്ടിലെ തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. വിവരം വൈപ്പിനിലെ ഫിഷറീസ് സ്റ്റേഷൻ അറിയിച്ചതിനെ തുടർന്ന് പ്രത്യാശ മറൈൻ ആംമ്പുലൻസിൽ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് അധികൃതരും രക്ഷാ പ്രവർത്തനത്തിനായി സംഭവസ്ഥലത്തെത്തി. തൊഴിലാളികൾക്ക് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം പരിശോധനയ്ക്കായി മാലിപ്പുറം ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മൂവരും ആശു പത്രി വിട്ടു.
മുങ്ങിപ്പോയ വള്ളവും മറൈൻ ആംബുലൻസിന്റെ സഹായത്തോടെ കെട്ടിവലിച്ച് കരയിലെത്തിച്ചിരുന്നു. ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ പി. അനീഷ്, സബ് ഇൻസ്പെക്ടർ സംഗീത് ജോബ് എന്നിവരുടെ നിർദേശ പ്രകാരം മറൈൻ എൻഫോഴ്സ്മെന്റ് എഎസ്ഐ ഷിജു, റെസ്ക്യൂ ഗാർഡുമാരായ ഷെല്ലൻ, ഷെയ്ക്ക് എന്നിവരാണ് രക്ഷാപ്രവർത്തനത്തിനായി പോയത്.