റസിഡൻസ് അസോസിയേഷന്റെ കൂർക്ക കൃഷിയിൽ നൂറുമേനി
1373483
Sunday, November 26, 2023 2:54 AM IST
മൂവാറ്റുപുഴ: കൂർക്ക കൃഷിയിൽ നൂറുമേനി വിളവെടുപ്പിനൊരുങ്ങി ഗവ. മോഡൽ ഹൈസ്കൂൾ ഏരിയ റസിഡൻസ് അസോസിയേഷൻ. ഗവ. മോഡൽ ഹൈസ്കൂളിന് സമീപം ഉപയോഗ ശൂന്യമായി കിടന്ന അരയേക്കറോളം സ്ഥലമാണ് കൂർക്ക കൃഷിയ്ക്കായി തെരഞ്ഞെടുത്തത്.
ജനങ്ങളുടെ ആരോഗ്യവും സുരക്ഷിതത്വവും കണക്കിലെടുത്താണ് ജിഎംഎച്ച്എസ് ഏരിയ റസിഡന്റ്സ് അസോസിയേഷൻ ജൈവ പച്ചക്കറി കൃഷിയുടെ ഭാഗമായി കൂർക്ക കൃഷി ആരംഭിച്ചത്. അസോസിയേഷൻ അംഗങ്ങളിൽ കൃഷിയോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനും അംഗങ്ങൾക്ക് ജൈവ പച്ചക്കറികൾ ലഭ്യമാക്കുന്നതിനുമായി ഫാർമേഴ്സ് ക്ലബ് രൂപീകരിച്ചാണ് കൃഷിയിറക്കിയതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
കടകളിൽ നിന്ന് കൂർക്ക വിത്തുകൾ വാങ്ങി മുളപ്പിച്ചാണ് കൃഷി ആരംഭിച്ചത്. കൃഷിയിറക്കിയ സമയം മഴയുടെ ലഭ്യത കുറഞ്ഞത് വെല്ലുവിളി സൃഷ്ടിച്ചെങ്കിലും തുടർന്ന് ലഭിച്ച മഴയിൽ കൂർക്കകൾ നന്നായി വളർന്നു.
അസോസിയേഷന്റെ നേതൃത്വത്തിൽ കൂർക്ക കൃഷി ചെയ്യുന്നതിന് മുൻപ് നടത്തിയ മത്തൻ കൃഷിയിലും നൂറുമേനി വിളവ് ലഭിച്ചിരുന്നു. കൃഷിയോട് വിമുഖത കാണിക്കുന്ന പുതുതലമുറയ്ക്ക് മാതൃകയാകാനുള്ള അസോസിയേഷന്റെ പ്രവർത്തനത്തിന് പിന്തുണയുമായി നഗരസഭാംഗം ജിനു ആന്റണിയും ഒപ്പമുണ്ട്.
വാർഡിലെ ഉപയോഗശൂന്യമായി കിടക്കുന്ന മറ്റ് സ്ഥലങ്ങളിൽ പാഷൻ ഫ്രൂട്ട് ഉൾപ്പെടെയുള്ളവ കൃഷി ചെയ്യാൻ ഒരുങ്ങുകയാണ് ഗവ. മോഡൽ ഹൈസ്കൂൾ ഏരിയ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ.