വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണു
1375928
Tuesday, December 5, 2023 5:07 AM IST
ഇലഞ്ഞി: മുത്തോലപുരത്ത് വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണു. ഉരുളിച്ചാലിൽ കോളനിയിൽ മച്ചിക്കണ്ടത്തിൽ അന്ന ദേവസ്യയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. ഇടിഞ്ഞുവീണ സമയത്ത് അകത്ത് ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കിടപ്പ് രോഗിയായ അന്നക്കുട്ടിയെ ബ്ലോക്ക് അംഗം ഡോജിൻ ജോണിന്റെ നേതൃത്വത്തിൽ നേരത്തെ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റി താമസിച്ചിരുന്നു.
അവകാശികൾക്ക് സ്ഥലം എഴുതി നൽകാൻ പഞ്ചായത്ത് ഭരണസമിതി തയാറാകാത്തതിനാൽ മുപ്പതും നാൽപ്പതും വർഷങ്ങൾ പഴക്കമുള്ള വീടുകൾ പുതുക്കി പണിയുവാൻ പോലുമാവാത്ത അവസ്ഥയിലാണ് കോളനി നിവാസികൾ. സ്ഥലസംബന്ധമായ രേഖകൾ ഇല്ലാത്തതിനാൽ സന്നദ്ധ സംഘടനകൾ ചെയ്യുന്ന സഹായങ്ങൾ പോലും ഇവർക്ക് ലഭിക്കുന്നില്ല എന്നാണ് എൽഡിഎഫ് നേതൃത്വം പറയുന്നത്. ഇത് സംബന്ധിച്ച തീരുമാനങ്ങൾക്കായി വിളിച്ചുചേർത്ത കമ്മിറ്റി യോഗത്തിൽ കോളനികളിലെ സ്ഥലവാസികൾക്ക് പട്ടയം നൽകണമെന്ന് റവന്യൂ വകുപ്പിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു.
എന്നാൽ 2018 ൽ തന്നെ പ്രസ്തുത കോളനികളുടെ അസൽ ആധാരങ്ങൾ പഞ്ചായത്തിൽ ഉണ്ടന്നും അത് പതിച്ച് കൊടുക്കുന്നതിന് റവന്യൂ വകുപ്പിന്റെ യാതൊരു വിധ അനുമതികളും ആവശ്യമില്ലെന്നും രേഖാമൂലം തഹസിൽദാർ അറിയിപ്പ് നൽകിയിട്ടുള്ളതായി എൽഡിഎഫ് അംഗങ്ങൾ പറയുന്നു.