ഇടതു വശത്തു കൂടി സ്കൂട്ടറിനെ മറികടന്നു ; ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ചു
1375956
Tuesday, December 5, 2023 5:33 AM IST
ആലുവ: ദേശീയപാതയിൽ ഇടതുവശം ചേർന്ന് മറികടന്നെന്നാരോപിച്ച് കെഎസ്ആർടിസി ബസിലെ ഡ്രൈവറെ ഇരുചക്രവാഹന യാത്രക്കാരൻ ആക്രമിച്ചതായി പരാതി. കോതമംഗലം ഡിപ്പോയിലെ ഡ്രൈവർ പെരുമ്പാവൂർ സ്വദേശി എം.എച്ച്. ജയകുമാറിനെ (49) എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മർദിച്ചെന്നാരോപിച്ച് പ്രതിയും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെ ദേശീയ പാതയിലെ മുട്ടത്തായിരുന്നു സംഭവം. മൂന്നാറിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറി നെ ബസ് ഇടതുവശത്തുകൂടെ മറികടന്നെന്ന പേരിൽ പ്രകോപിതനായ യുവാവ് തടയുകയായിരുന്നു. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമാണ് ഇയാൾ യാത്ര ചെയ്തിരുന്നത്.
കളമശേരി നഗരാതിർത്തിയിലെ മുട്ടത്തെ 206 -ാം നമ്പർ മെട്രോ പില്ലറിന് സമീപത്ത് എത്തിയ ബസിനെ ബൈക്ക് കുറുകെ നിർത്തി ബസ് തടഞ്ഞു. ഡ്രൈവറുടെ ഭാഗത്തെ വാതിൽതുറന്ന് അകത്തുകയറി ഹെൽമെറ്റ് കൊണ്ട് തലയിലും മറ്റും അടിച്ചെന്നാണ് ഡ്രൈവറുടെ മൊഴി. ആക്രമണത്തിനുശേഷം പ്രതി സ്ഥലംവിട്ടു.
യാത്രക്കാരും ബസ് കണ്ടക്ടറും ചേർന്ന് പ്രതിയെ തടഞ്ഞു ഡ്രൈവറെ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചു. എറണാകുളത്തേക്ക് പോകേണ്ട യാത്രക്കാരെ മറ്റ് വാഹനങ്ങളിൽ കയറ്റിവിട്ടു.