ബൈക്കപകടത്തിൽ പരിക്കേറ്റ ബിരുദ വിദ്യാർഥി മരിച്ചു
1376042
Tuesday, December 5, 2023 10:15 PM IST
കാക്കനാട്: നായ വട്ടം ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിരുദ വിദ്യാർഥി മരിച്ചു.
ദൂരദർശൻ കേന്ദ്രത്തിന് സമീപം താണപാടം വിബി സ്പ്രിംഗ് ഫ്ളാറ്റ് 601 എയിൽ താമസിക്കുന്ന മുളന്തുരുത്തി പൈങ്ങാറപ്പിള്ളി ചാലശേരിൽ വീട്ടിൽ സജീവി(കളക്ടറേറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ)ന്റെ മകൻ അച്യുത് സജീവ് (20) ആണ് മരിച്ചത്. കഴിഞ്ഞ 26ന് രാവിലെ അഞ്ചിന് സിവിൽ സ്റ്റേഷന്റെ പടിഞ്ഞാറെ ഗേറ്റിന് സമീപം സീപോർട്ട്-എയർപോർട്ട് റോഡിലായിരുന്നു അപകടം.
സുഹൃത്തിനൊപ്പം ബൈക്കിൽ കാക്കനാട് ഭാഗത്തേക്ക് പോകവെ നായ കുറുകെ ചാടുകയും തുടർന്ന് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിയുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അച്യുതിനെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം നടത്തി. തൃക്കാക്കര ഭാരത മാതാ കോളജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിയായിരുന്നു. മാതാവ്: അന്പിളി. സഹോദരൻ: കേശവ് സജീവ്.