മാസ്ക് ധരിച്ച് എത്തിയ യുവാവ് ജ്വല്ലറിയിൽനിന്ന് സ്വർണമാല കവർന്നു
1376152
Wednesday, December 6, 2023 6:08 AM IST
ആലങ്ങാട്: മാസ്ക് ധരിച്ച് എത്തിയ യുവാവ് മാളികംപീടിക കവലയിലെ ജ്വല്ലറിയിൽ മോഷണം നടത്തി. ആഭരണം നോക്കാനെന്ന വ്യാജേനയെത്തിയ യുവാവാണ് അരപ്പവനോളം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച ശേഷം പകരം അതേ തൂക്കമുള്ള മുക്കുപണ്ടത്തിന്റെ മാല വച്ചിട്ടു മുങ്ങിയത്. ഇന്നലെ അഞ്ചിനാണു സംഭവം. മാളികംപീടിക സ്വദേശിയ സജിയുടെ ഉടമസ്ഥതയിലുള്ള സ്വയംവര ജ്വല്ലറിയിലാണ് സംഭവം നടന്നത്. കടയുടമയുടെ പ്രായമായ അമ്മ കടയിലുള്ള തക്കം നോക്കിയാണു മോഷ്ടാവ് അകത്തു കടന്നത്.
തുടർന്നു സ്വർണം കൈക്കലാക്കിയ ശേഷം അതേ സ്ഥാനത്തു മുക്കുപണ്ടം വയ്ക്കുകയായിരുന്നു. തുടർന്ന് പിന്നീട് വരാമെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി പോകുകയായിരുന്നു. സംശയം തോന്നി പരിശോധിച്ചു നോക്കിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം മനസിലാകുന്നത്. ജ്വല്ലറിയിലെ സിസിടിവിയിൽ യുവാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ആലങ്ങാട് പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ആലങ്ങാട് മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടക്കുന്ന നാലാമത്തെ മോഷണമാണിത്.