ആവണംകോട് ജലസേചന പദ്ധതി: പമ്പിംഗ് ആരംഭിക്കാൻ കോൺഗ്രസ് ധർണ
1376155
Wednesday, December 6, 2023 6:08 AM IST
കാലടി: വേനൽ അടുത്തതോടെ കാലടിയിലെ കാർഷിക മേഖല വരൾച്ചയുടെ വക്കിലായതിനെത്തുടർന്ന് ആവണംകോട് ജലസേചന പദ്ധതി പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കാലടിയിലെ യുഡിഎഫ് ജനപ്രതിനിധികളും കർഷകരും ഇറിഗേഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി. വൈദ്യുതി ചാർജ് കുടിശിഖയായതിനെതുടർന്ന് ജലസേചന പദ്ധതിയുടെ വൈദ്യുതി ബന്ധം കെഎസ്ഇബി അധികൃതർ വിച്ഛേദിച്ചതിനാലാണ് പമ്പിംഗ് ആരംഭിക്കാത്തത്.
എംഎൽഎയും പഞ്ചായത്തും കെഎസ്ഇബി, ഇറിഗേഷൻ അധികൃതരുമായും മന്ത്രിമാരുമായും ബന്ധപ്പെട്ടെങ്കിലും യാതൊരു പരിഹാരവും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ധർണ നടത്തിയത്. ജില്ലാ പഞ്ചായത്തംഗം മനോജ് മൂത്തേടൻ ധർണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു.