അമ്മക്കിളിക്കൂട് ഭവന പദ്ധതി; 50-ാമത്തെ വീട് കൈമാറി
1376157
Wednesday, December 6, 2023 6:08 AM IST
കാലടി: അൻവർ സാദത്ത് എംഎൽഎ ആലുവ നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ അമ്മക്കിളിക്കൂട് പദ്ധതിയിൽ നിർമിച്ച 50-ാമത്തെ വീട് കൈമാറി. സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം വീട് നിർമിക്കുവാൻ സാധിക്കാതെ തകർന്നു വീഴാറായ വീടുകളിലും ഷീറ്റിട്ട കുരകളിലും വാടക വീടുകളിലും കഴിയുവാൻ നിർബന്ധിതരായ നിരാലംബരായ വിധവകൾക്കും അവരുടെ മക്കൾക്കും സുരക്ഷിത ഭവനം സുമനസുകളുടെ സഹകരണത്തോടെ നിർമിച്ച് നൽകുന്നതാണ് അമ്മക്കിളിക്കൂട് ഭവന പദ്ധതി.
ഡോ. അസ്ലം സലീം സ്പോൺസർ ചെയ്ത് ശ്രീമൂലനഗരം പഞ്ചായത്ത് 15-ാം വാർഡിൽ വിധവയായ സഫിയക്കും മകൾക്കുമായി നിർമാണം പൂർത്തിയായ വീടിന്റെ താക്കോൽ ദാനം സിനിമാതാരം കല്യാണി പ്രിയദർശൻ നിർവഹിച്ചു.
സിനിമാതാരം ടിനി ടോം, സ്പോൺസറുടെ പ്രതിനിധി ബാബു എന്നിവർ മുഖ്യാതിഥികളായി. 510 ചതുരശ്രയടിയിൽ രണ്ട് ബെഡ് റൂം, ഹാൾ, കിച്ചൺ, ടോയ്ലറ്റ് എന്നിവ അടങ്ങുന്ന ഏഴു ലക്ഷം രൂപ ചെലവു വരുന്ന വീടുകളാണ് ഇപ്പോൾ അമ്മക്കിളികൂട് പദ്ധതിയിൽ സ്പോൺസേർഷിപ്പിലൂടെ നിർമിച്ചു നൽകുന്നത്.