ആലുവ മാർക്കറ്റ് കെട്ടിട സമുച്ചയം: പുതുക്കിയ രൂപരേഖ സമർപ്പിച്ചു
1376158
Wednesday, December 6, 2023 6:08 AM IST
ആലുവ: പുതിയ മാർക്കറ്റ് കെട്ടിട സമുച്ചയം നിർമിക്കുന്നതിനായി ആലുവ മുനിസിപ്പാലിറ്റി തയാറാക്കിയ രൂപരേഖ വീണ്ടും പുതുക്കി കേന്ദ്ര മത്സ്യ വകുപ്പിന് സമർപ്പിച്ചു. ഇതോടെ 35 കോടി രൂപയുടെ പദ്ധതി ചെലവ് 50 കോടിയായി ഉയർന്നു.
ഇതിൽ 60 ശതമാനമായ 30 കോടി കേന്ദ്രവും 30 ശതമാനമായ 15 കോടി സംസ്ഥാന സർക്കാരും 10 ശതമാനമായ അഞ്ച് കോടി നഗരസഭയും വഹിക്കും. പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയിൽ നിന്നുമാണ് തുക ലഭിക്കേണ്ടത്. സർക്കാരിന്റെ സാമ്പത്തികഭാരം കുറയ്ക്കാനായി അഞ്ച് കോടി ആലുവ നഗരസഭ വാഗ്ദാനം ചെയ്യുകയായിരുന്നെന്ന് അൻവർ സാദത്ത് എംഎൽഎ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ എന്നിവർ അറിയിച്ചു.
പെരിയാറിന്റെ തീരത്ത് നാലു നിലകളിലായി 1,82,308 ചതുരശ്ര അടിയിലാണ് നിർമാണം. ഇതിൽ റസ്റ്റോറന്റും സൂപ്പർമാർക്കറ്റും കൂടാതെ 88 കടമുറികളുമാണ് ഉണ്ടാകുക. 2014ൽ ആണ് രണ്ടരയേക്കർ ഭൂമിയിൽ കെട്ടിടം നിർമിക്കാൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് തറക്കല്ലിട്ടത്. 10 കോടി രൂപയായിരുന്നു പദ്ധതി ചെലവ്. ബാങ്കുകളും സംസ്ഥാന സർക്കാർ ഏജൻസികളും പല കാരണങ്ങളാൽ പദ്ധതിക്ക് ലോൺ നൽകാൻ തയാറായില്ല.
പുതുക്കി 35 കോടി രൂപയാക്കി വീണ്ടും രൂപരേഖ തയാറാക്കി സംസ്ഥാന ഫിഷറീസ് വകുപ്പിനും കിഫ്ബിയ്ക്കും നൽകിയെങ്കിലും ഫലമുണ്ടായില്ല. മൂന്നാം തവണ പുതുക്കിയപ്പോൾ 50 കോടി രൂപയായി ഉയർന്നിരിക്കുകയാണ്.