ഉദ്ഘാടനം കാത്ത് വെല്‍നെസ് ക്ലിനിക്കുകള്‍ ; ചികിത്സ തേടി അലഞ്ഞ് രോഗികൾ
1376160
Wednesday, December 6, 2023 6:08 AM IST
കൊച്ചി: ദേശീയ നഗര ആരോഗ്യ മിഷന്റെ സഹകരണത്തോടെ കൊച്ചി കോര്പറേഷന് നടപ്പാക്കുന്ന വെല്‍നെസ് ക്ലിനിക്കുകളുടെ നിർമാണം പൂർത്തിയായെങ്കിലും പ്രവർത്തനമാരംഭിക്കാത്തത് രോഗികളെ വലയ്ക്കുന്നു. ഉദ്ഘാടത്തിനു മുഖ്യമന്ത്രിയുടെ സമയം ലഭിച്ചില്ലെന്ന കാരണത്താലാണ് 11 വെൽനെസ് ക്ലിനിക്കുകളും പ്രവർത്തനമാരംഭിക്കാത്തത്. ആതുര സേവനം പ്രാദേശിക തലത്തില്‍ വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ഇതെങ്കിലും നൂറുകണക്കിന് രോഗികള്‍ ഇപ്പോഴും ചികിത്സയ്ക്കായി തിരക്കുള്ള ആശുപത്രികളിൽ തന്നെ എത്തേണ്ട സാഹചര്യമാണുള്ളത്.
കൊച്ചി കോര്പറേഷന് പരിധിയില്‍ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ഇല്ലാത്ത 36 ഡിവിഷനുകളിലാണ് വെല്‍നെസ് ക്ലിനിക്കുകള്‍ക്ക് കേന്ദ്ര സഹായം ലഭ്യമാക്കിയത്. ഇതില്‍ 11 സെന്ററുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ട് ഒരു മാസത്തിലേറെയായി. ഒക്ടോബറില്‍ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഉറപ്പ് നല്കിയ കോര്പറേഷന് അധികൃതർ ഉദ്ഘാടകനായി മുഖ്യമന്ത്രിതന്നെ വേണമെന്ന നിര്‍ബന്ധത്തില്‍ ജനങ്ങളുടെ അവകാശം നിഷേധിക്കുകയാണെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ആദ്യഘട്ട ഉദ്ഘാടനത്തിനായി തട്ടാഴം, കരിപ്പാലം, എളംകുളം, കതൃക്കടവ്, അമരാവതി ഡിവിഷനുകളിൾ ഉൾപ്പെടെ 11 വെല്‍നെസ് സെന്ററുകളുടെ നിര്‍മാണമാണ് പൂർത്തിയയാത്.
പനി ഉള്‍പ്പടെയുള്ള വൈറല്‍ രോഗ ചികിത്സയ്ക്കാണ് വെല്‍നെസ് ക്ലീനിക്കുകളില്‍ ലക്ഷ്യം വയ്ക്കുന്നത്. ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, ക്ലീനിംഗ് സ്റ്റാഫ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ എന്നിവര്‍ ഓരോ ക്ലിനിക്കില്‍ ഉണ്ടാകും. ഓപി, ലാബ് സൗകര്യം, ഫാര്‍മസി എന്നിവയും ഉണ്ടാകും. കിടത്തി ചികിത്സയ്ക്കുള്ള സൗകര്യം ഉണ്ടാകില്ല. ഇവിടെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സ ആവശ്യമായി വരുന്നവരെ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലേക്ക് അയയ്ക്കും.