പറ്റിക്കലിനെതിരേ വീണ്ടും പടപ്പുറപ്പാട്
1376165
Wednesday, December 6, 2023 6:19 AM IST
വൈപ്പിൻ: പാവപ്പെട്ട പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സർക്കാർ പറഞ്ഞു പറ്റിച്ചുകൊണ്ടിരിക്കുന്നതിന്റെ സ്മാരകമാണ് പാതിവഴിയിൽ നിർമാണം നിലച്ച കാളമുക്കിലെ ഫിഷ് ലാൻഡിംഗ് സെന്റർ.
തൊഴിലാളികളുടെ ഓരോ സമരപരിപാടികൾ അരങ്ങേറുമ്പോഴും ഉടൻ ശരിയാക്കാമെന്ന് പറഞ്ഞ് തടിതപ്പുകയായിരുന്നു അധികൃതരുടെ പതിവ്. നിലവിൽ ഇവിടെ സ്വകാര്യ വ്യക്തിയുടെ കടവിൽ ആണ് വള്ളങ്ങൾക്ക് അടുപ്പിച്ച് മത്സ്യക്കച്ചവടം നടത്തിവരുന്നത്.
വള്ളങ്ങളുടെ എണ്ണം കൂടിയതോടെ തീരെ സൗകര്യം കുറഞ്ഞ സ്വകാര്യ കടവ് പര്യാപ്തമല്ലാതെ ആയി. തുടർന്നാണ് സർക്കാർ മേഖലയിൽ ഫിഷ് ലാൻഡിംഗ് സെന്റർ വേണമെന്ന ആവശ്യമുയർന്നതും 2009ൽ 1.10 കോടി അനുവദിച്ചതും.
എന്നാൽ 2011 ൽ ലാൻഡിംഗ് ജെട്ടിയും ലേല ഹാളും മാത്രം നിർമിച്ച് ബാക്കി നടപടികൾ പൂർത്തീകരിക്കാതെ അധികൃതർ മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിട്ട് തടിതപ്പുകയാണ് ഉണ്ടായത്.
ബര്‍ത്തിനു സമീപം ചെളിയും എക്കലും അടിഞ്ഞു കിടക്കുന്നതിനാല്‍ വഞ്ചികള്‍ക്കു അടുക്കാനാവില്ല. ലാന്‍ഡിംഗ് സെന്ററിലേക്കു വാഹനങ്ങള്‍ക്കു കടന്നുചെല്ലാന്‍ റോഡും പാർക്കിംഗിനായി സൗകര്യവുമില്ല. മലിനജലം ഒഴുകിപ്പോകാനും സംവിധാനമില്ല.
ഇതേ തുടർന്ന് മത്സ്യത്തൊഴിലാളികൾ സ്വകാര്യ കടവ് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഇതിനിടെ മത്സ്യത്തൊഴിലാളികൾ നടത്തിയ നിരന്തര സമരങ്ങള്‍ക്കൊടുവിൽ 2017 ൽ അന്നത്തെ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ റോഡിനും പാർക്കിംഗിനും ഭൂമി ഏറ്റെടുക്കുന്നതിനായി 4.65 ലക്ഷം അനുവദിച്ചെങ്കിലും പ്രഖ്യാപനം മന്ത്രിയുടെ വാക്കിൽ ഒതുങ്ങി.
ഇപ്പോള്‍ വീണ്ടും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 2.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ഫയല്‍ ധനവകുപ്പിന്റെ അനുമതി കാത്ത്കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികൾ വീണ്ടും സമര രംഗത്തിറങ്ങിയിട്ടുള്ളത്.