വരുന്നു, ട്രക്ക് മൗണ്ടഡ് സ്വീപ്പിംഗ് മെഷീന്
1376760
Friday, December 8, 2023 2:29 AM IST
കൊച്ചി: നഗര ശുചീകരണത്തിന് യന്ത്രവല്‍കൃത സംവിധാനം നടപ്പിലാക്കുന്നതിന്റെ ഫ്ളാഗ് ഓഫ് ഇന്ന് രാവിലെ 10.30ന് വൈറ്റില പൊന്നുരുന്നി ഗോള്‍ഡ് സൂക്കിനു സമീപമുള്ള അണ്ടര്‍ പാസില്‍ മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും.
കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി, ഉമ തോമസ്, ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് സിഇഒ ഷാജി വി. നായര്‍, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്മാർ, ഡിവിഷന് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.
കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡിന്റെ സാമ്പത്തിക സഹായത്തോടെ 10.98 കോടി രൂപയുടെ രണ്ടു സ്വീപ്പിംഗ് മെഷീനുകളാണ് നഗര ശുചീകരണത്തിനായി ഒരുക്കിയിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയില്‍ കൊച്ചിയിലെ പ്രധാന റോഡുകളിലാണ് ശുചീകരണ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അഞ്ചു വര്‍ഷം വരെ ഇതിന്റെ പ്രവര്‍ത്തനവും പരിപാലനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൊന്നുരുന്നി വൃത്തിയാക്കുന്നതിന് ’ഹീല്‍'
കൊച്ചി: പൊന്നുരുന്നി ഡിവിഷനിലെ മുഴുവന്‍ മാലിന്യവും വാര്‍ഡില്‍ തന്നെ സംസ്ക്കരിക്കുന്നതിന് തുമ്പൂര്‍മൊഴി മാതൃകയില്‍ തയാറാക്കിയിരിക്കുന്ന മാലിന്യ സംസ്ക്കരണ സംവിധാനത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിര്‍വഹിക്കും.
പൊന്നുരുന്നി മേല്പ്പാലത്തിനരികിലുള്ള നാരായണനാശാന്‍ റോഡിനരികില്‍ മേല്‍പ്പാലത്തിന് താഴെയായാണ് തുമ്പൂര്‍മൊഴി മോഡല്‍ എയ്റോബിക് ടാങ്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മെഡിമിക്സിന്റെ സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ചിട്ടുള്ള ടാങ്കുകളില്‍ 1.7 ടണ്‍ വരെ ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റ് ചെയ്യാന്‍ ശേഷിയുണ്ട്.