വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ : യുസി കോളജിലെ നാലു ഹോസ്റ്റലുകൾ അടച്ചു
1536587
Wednesday, March 26, 2025 5:06 AM IST
ആലുവ : ഇരുപത്തഞ്ചോളം വിദ്യാർഥിനികൾക്ക് ഛർദ്ദിയും അതിസാരവുമുണ്ടായതിനെതുടർന്ന് ആലുവ യുസി കോളജിലെ നാല് ലേഡീസ് ഹോസ്റ്റലുകൾ താല്കാലികമായി അടച്ചു. 25ഓളം വിദ്യാർഥിനികൾ കഴിഞ്ഞ 22 മുതൽ ചികിത്സ തേടിയിട്ടുണ്ട്. ബാക്കിയുള്ളവരോട് ഇന്ന് രാവിലെ മുതൽ വീടുകളിലേക്ക് മടങ്ങാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഇന്നലെയും ചിലർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടപ്പോഴാണ് കാമ്പസിന് പുറത്തുള്ള ഈ നാല് ഹോസ്റ്റലുകൾ അടയ്ക്കാൻ തീരുമാനിച്ചത്. ഇതേ ഹോസ്റ്റലുകളോട് ചേർന്ന് താമസിക്കുന്ന രണ്ട് അധ്യാപകരുടെ കുടുംബാംഗങ്ങൾക്കും അസുഖം ബാധിച്ചു. ഇവർ സ്വന്തമായാണ് ഭക്ഷണം പാചകം ചെയ്യുന്നതെങ്കിലും കിണർ വെള്ളമാണ് ഉപയോഗിക്കുന്നത്.
കുടിവെള്ളത്തിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കിണറും ജലസംഭരണികളും ക്ലോറിനേറ്റ് ചെയ്ത് അണുവിമുക്തമാക്കും. രോഗബാധിതരിൽ രണ്ടുപേർ ഒഴികെയുള്ളവർ സുഖം പ്രാപിച്ചതായി പ്രിൻസിപ്പൽ ഡോ. മിനി ആലീസ് പറഞ്ഞു.
ഏപ്രിൽ രണ്ടിന് പരീക്ഷകൾ തുടങ്ങുന്നതിനാൽ മുമ്പായി ആരോഗ്യ വിഭാഗത്തിന്റെ പരിശോധന പൂർത്തിയാക്കി ഹോസ്റ്റൽ തുറക്കാനാണ് ലക്ഷ്യമിടുന്നത്. നാലു ഹോസ്റ്റലുകളിലായി 200 ഓളം വിദ്യാർഥിനികളും നാലു വാർഡൻമാരുമാണ് ഉള്ളത്. അതേസമയം കോളജ് കാമ്പസിനകത്തെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകളിൽ പ്രശ്നങ്ങളില്ല.