ആ ‘പിഴ' പരിവാഹന്റേതല്ല; ജാഗ്രത വേണം
1543765
Sunday, April 20, 2025 3:50 AM IST
കൊച്ചി: ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ വ്യാജ സന്ദേശം അയച്ച് പണം തട്ടുന്ന സംഭവങ്ങള്‍ ജില്ലയില്‍ വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം സൈബര്‍ പോലീസില്‍ ഇത്തരത്തില്‍ 20ൽ അധികം പരാതികളാണ് ലഭിച്ചത്. ഉത്തരേന്ത്യന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. നേരിട്ടും ഫോണ്‍ മുഖേനയും പരാതി നല്കിയവരില് നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.
തട്ടിപ്പ് വ്യാപകമായ സാഹചര്യത്തില്‍ ഫോണിലേക്ക് വരുന്ന അജ്ഞാത ലിങ്കുകളില്‍ പ്രവേശിക്കരുതെന്നും സൈബര്‍ വിഭാഗം മുന്നറിയിപ്പ് നല്കുന്നു. ജില്ലയില്‍ പിഴയടക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വലിയ തുകകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്.
തട്ടിപ്പ് ഇങ്ങനെ
വാട്സ്ആപ്പ് എസ്എംഎസ് ആയി മൊബൈല്‍ ഫോണില്‍ സന്ദേശം വരുന്നതിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. നിങ്ങളുടെ വാഹനം നിയമലംഘനത്തില്‍പ്പെട്ടിട്ടുണ്ടെന്നും അതിവേഗത്തില്‍ സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നുമായിരിക്കും സന്ദേശം.
മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വരുന്ന സന്ദേശത്തില്‍ നമ്മുടെ വാഹനത്തിന്റെ നമ്പര്‍, നിയമലംഘനം നടത്തിയ തീയതി, ഇതിനെതിരേ വകുപ്പ് പുറത്തിറക്കിയ പിഴ ചെലാന്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കും. നിയമലംഘനത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും തെളിവുകള്‍ കാണുന്നതിനും താഴെ നല്‍കിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക എന്ന് പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്.
ഈ ടെക്സ്റ്റ് സന്ദേശത്തോടൊപ്പമുള്ള ആപ്ലിക്കേഷന്‍ ഫയലാണ് (എപികെ) ഉപയോക്താക്കളെ കെണിയിലേക്കു വീഴ്ത്തുന്നത്
എങ്ങനെ രക്ഷപ്പെടാം
തട്ടിപ്പില്‍ കുടങ്ങാതിരിക്കാന്‍ പരിവാഹന്‍ ഇ-ചെലാന്‍ യഥാര്‍ഥമാണോ എന്ന് പരിശോധിക്കണം. മെസേജുകള്‍ വഴി പിഴയടക്കാന്‍ ആവശ്യപ്പെട്ടാല്‍ യഥാര്‍ത്ഥ വെബ്സൈറ്റായ https:// echallan.parivahan.gov.in വഴി പരിശോധിക്കണം. സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ വെബ് സൈറ്റുകള്‍ക്ക് gov.in ഉണ്ട് എന്ന് ഉറപ്പാക്കേണ്ടതുണ്ട്.
സംശയകരമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. യഥാര്‍ഥ ഇ-ചെലാനില്‍ ബന്ധപ്പെട്ട വാഹനത്തിന്റെ രജിസ്ട്രേഷന്, എഞ്ചിന്, ചേസിസ് നമ്പരുകള്‍ ഉണ്ടാകും. മെസേജുകളില്‍ പറയുന്ന വിവരങ്ങള്‍ യഥാര്‍ഥമാണോ എന്ന് ഔദ്യോഗിക വെബ്സൈറ്റില്‍ പരിശോധിക്കാനും സംവിധാനമുണ്ട്.
വ്യക്തിപരവും സാമ്പത്തികവുമായി വിവരങ്ങള്‍ കൈമാറുന്നതിന് മുമ്പ് സന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്നും പരിശോധിക്കണം. ഗതാഗത വകുപ്പ് ഓഫീസുകളില്‍ നിന്ന് ബാങ്ക് വിവരങ്ങള്‍ ആവശ്യപ്പെടാറില്ല.
ഉടന്‍ പരാതി നല്‍കണം
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിന് ഇരയായാല്‍ ‘1930' എന്ന നമ്പറില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ചെയ്യണം. ഒരുമണിക്കൂറിനകം പരാതി നല്‍കുന്നതാണ് ഏറ്റവും ഗുണകരമാകുക.
cybercrime. gov.in എന്ന വെബ് സൈറ്റിലൂടെയും പരാതി രജിസ്റ്റര്‍ചെയ്യാം.