പുതുവൈപ്പിലെ വെള്ളക്കെട്ട്: അഞ്ചിന് പഞ്ചായത്തിനു മുന്നിൽ ധർണ
1543769
Sunday, April 20, 2025 3:50 AM IST
വൈപ്പിൻ: പുതുവൈപ്പ് നിവാസികളെ ദുരിതത്തിലാഴ്ത്തിയ എളങ്കുന്നപുഴ പഞ്ചായത്തിലെ ആർഎംപി കനാലിന്റെ വായ്ഭാഗം ഡ്രഡ്ജ് ചെയ്ത് എക്കൽ നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രൂപീകരിച്ച സമരസമിതി അടുത്ത മാസം അഞ്ചിന് പഞ്ചായത്തിനു മുന്നിൽ ധർണ നടത്തും. ഇതുമൂലം പുതുവൈപ്പിൽ വെള്ളക്കെട്ട് അനുഭവപ്പെടുന്ന തായാണ് പരാതി.
പുതുവൈപ്പ്, വളപ്പ് പടിഞ്ഞാറ് ഭാഗത്തെ ജനങ്ങളാണ് രൂക്ഷമായ വെള്ളക്കെട്ടിന്റെ കെടുതികൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. മഴ, വേലിയേറ്റം എന്നിവയാണ് ഭീഷണി. വീട്ടുമുറ്റത്തും പറമ്പടികളിലും, വീടിനകത്തും വെള്ളം കെട്ടികിടക്കുന്ന അവസ്ഥയാണ്. വെള്ളം കൃത്യമായി ഇറങ്ങി പോകുന്നില്ല.
കൊച്ചി അഴിമുഖത്ത് നിന്ന് ആരംഭിക്കുന്ന ആർഎംപി തോടിന്റെ വായ് ഭാഗത്ത് നീരൊഴുക്കിന് തടസമായി രൂപപ്പെട്ടിട്ടുള്ള മണൽതിട്ടയാണ് തടസം സൃഷ്ടിക്കുന്നത്. പഞ്ചായത് സത്വരമായ നടപടികൾ എടുക്കാതെ ഉഴപ്പുകയാണെന്നാണ് സമരസമിതിയുടെ ആരോപണം. ഈ സാഹചര്യത്തിലാണ് നാട്ടുകാർ പഞ്ചായത്തിനു മുന്നിൽ സമരം ചെയ്യാൻ ഒരുങ്ങുന്നതെന്ന് സമിതി ചെയർമാൻ സി.ജി. ബിജു അറിയിച്ചു.