ലഹരിക്കെതിരെ കൈകോര്‍ത്ത് സിനിമയിലെ കായിക താരങ്ങള്‍
1543770
Sunday, April 20, 2025 3:50 AM IST
കളമശേരി: ലഹരിക്കെതിരെ സിനിമാ, ടെലിവിഷന്‍, മീഡിയ, പരസ്യ മേഖലയിലെ പ്രമുഖര്‍ കൈകോര്‍ത്തു. കളമശേരി സെന്റ് പോള്‍സ് കോളജ് ഗ്രൗണ്ടില്‍ ഇന്നലെ ആരംഭിച്ച സിസിഎഫ് പ്രീമിയര്‍ ലീഗിന്റെ ഭാഗമായാണ് സിനിമാ താരങ്ങളും ടെക്നീഷ്യന്മാരും ലഹരിക്കെതിരെ അണിനിരന്നത്. കേരള രഞ്ജി ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന് ബേബി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സേ നോ ടു ഡ്രഗ്സ് എന്ന് വീണ്ടും വീണ്ടും പറയേണ്ടി വരുന്നത് നമ്മുടെ പരാജയമാണെന്ന് നടന് ഉണ്ണി മുകുന്ദന് പറഞ്ഞു. തൃക്കാക്കര എസിപി പി.വി. ബേബി, കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ വിവേക് വാസുദേവന്‍, എന്‍സിബി സോണല്‍ ഹെഡ് വേണുഗോപാല്‍ ജി. കുറുപ്പ്, എന്‍സിബി ഇന്‍സ്പെക്ടര്‍ അതുല്‍ കുമാര്‍ ദിവേദി, അഭിനേതാക്കളായ നരേന്, സിജു വില്‍സണ്‍, അഖില്‍ മാരാര്‍, സാജു നവോദയ, ഋതു മന്ത്ര, ശോഭ വിശ്വനാഥ്, ആര്യ ബാബു, സിസിഎഫ് സെക്രട്ടറി സ്ലീബ വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഉണ്ണി മുകുന്ദന് സെലിബ്രിറ്റി ഓണറായ സീഹോഴ്സ് സെയ്ലേഴ്സാണ് ജയിച്ചത്. 15 ബോളില്‍ നാല് ഫോറും രണ്ട് സിക്സും പായിച്ച് 34 റണ്‍സ് നേടിയ ഉണ്ണി മുകുന്ദനായിരുന്നു വിജയത്തില്‍ നിര്‍ണായക ഘടകമായത്. രണ്ടാം മത്സരത്തില്‍ ഫോക്സ് ഫൈറ്റേഴ്സിനെതിരെ ഗോറില്ല ഗില്ഡേഴ്സും ട്രഗേറിയന് ടേണ്സിനെതിരെ ഈഗിള്‍ എംപയേഴ്സും ജയിച്ചു.