കെട്ടിട നികുതിപിരിവ്: തൃക്കാക്കരയിൽ 2.44 കോടിയുടെ വർധന
1543771
Sunday, April 20, 2025 3:58 AM IST
കാക്കനാട്: മുൻസാമ്പത്തിക വർഷങ്ങളിൽനിന്നു വ്യത്യസ്ഥമായി തൃക്കാക്കര നഗരസഭയിൽ കെട്ടിട നികുതിപിരിവിൽ ഇത്തവണ 2.44 കോടിയുടെ വർധനവ്. 2023-24 സാമ്പത്തിക വർഷത്തിൽ 14.11 കോടിയായിരുന്നു നികുതി വരുമാനം. 2024-25 സാമ്പത്തിക വർഷം തുക 16.40 കോടിയായി വർധിച്ചു.
അതേസമയം കെട്ടിട നികുതി പിരിവിൽ വൻതോതിൽ ജാഗ്രതക്കുറവുണ്ടായിട്ടുണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷ കൗൺസിലർമാർ. 1.30 കോടി കുടിശിക വരുത്തിയ സൂപ്പർ മാർക്കറ്റ് റവന്യൂ വിഭാഗം ഉദ്യോഗസ്ഥരെത്തി അടച്ചുപൂട്ടി സീൽ പതിപ്പിച്ചിരുന്നു. നാമമാത്രമായ തുക അടച്ച സൂപ്പർ മാർക്കറ്റ് നഗരസഭാ സെക്രട്ടറി തന്റെ പ്രത്യേക വിവേചനാധികാരം ഉപയോഗിച്ച് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയെന്നാണ് ആക്ഷേപം.
നഗരസഭാ കെട്ടിടങ്ങളിൽ വാടകയ്ക്കു പ്രവർത്തിക്കുന്ന പത്ത് സ്ഥാപനങ്ങൾ കുടിശിക അടക്കാതെ ഇപ്പോഴും തുറന്നു പ്രവർത്തിക്കുന്നുണ്ടെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് നഗരസഭാധികൃതർ വിവരവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ പറയുന്നു.
എൻജിഒക്വാർട്ടേഴ്സ് ഷോപ്പിംഗ് കോംപ്ലക്സിൽ തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു പുറമെ നഗരസഭാ മന്ദിരത്തിനോട് ചേർന്നുള്ള കടമുറികളും, മാർക്കറ്റു കോപ്ലക്സിലെ കച്ചവട സ്ഥാപനങ്ങളനങ്ങളും വൻതോതിൽ നികുതി കുടിശിക വരുത്തിയിട്ടുള്ളതായും വിവരാവകാശ രേഖയിൽ പറയുന്നു.