ഓണ്‍ലൈന്‍ തട്ടിപ്പ്: 46 ലക്ഷം കവർന്ന സിനിമാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
1543776
Sunday, April 20, 2025 3:58 AM IST
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ കവർന്ന കേസില്‍ രണ്ടു സിനിമാ പ്രവര്‍ത്തകര്‍ പിടിയിലായി. പെരിങ്ങാല സ്വദേശിയും അസോസിയേറ്റ് ഡയറക്ടറുമായ ശ്രീദേവ് (35), കണ്ണൂര്‍ സ്വദേശിയും കോസ്റ്റ്യൂമറുമായ മുഹമ്മദ് റാഫി (37) എന്നിവരെയാണ് മട്ടാഞ്ചേരി സിഐ കെ.എ. ഷിബിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു സംഭവം. മട്ടാഞ്ചേരി സ്വദേശിയായ യുവാവിന് വാട്സ്ആപ്പിലൂടെ ലിങ്ക് അയച്ചുകൊടുത്തായിരുന്നു തട്ടിപ്പ്. ലിങ്കുവഴി ലോഗിന്‍ ചെയ്ത ശേഷം പണം നിക്ഷേപിച്ച് റേറ്റിംഗ് നല്കിയാല് കൂടുതല്‍ ലാഭം നല്‍കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
പല തവണകളായി 46 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തട്ടിയെടുത്ത പണം മുഹമ്മദ് റാഫി ശ്രീദേവിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും, ശ്രീദേവ് മറ്റൊരാള്‍ക്ക് കൈമാറുകയും ചെയ്തതായി പോലീസ് കണ്ടെത്തി. കൂടുതല്‍ പേര് തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.