ഷൈൻ ടോമിനെതിരായ കേസില്‍ വീഴ്ച സംഭവിച്ചിട്ടില്ല: കമ്മീഷണര്‍
1544684
Wednesday, April 23, 2025 4:29 AM IST
കൊച്ചി: ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
രാസലഹരി പരിശോധനാ ഫലം വേഗത്തിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും കമ്മീഷണര്‍ പറഞ്ഞു. നിലവില്‍ ഷൈനെ ഉടന്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്ന മുറയ്ക്ക് ചോദ്യം ചെയ്യാനാണ് തീരുമാനം. അന്വേഷണം വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് നടന്നുവരികയാണെന്നും കമ്മീഷണര്‍ പറഞ്ഞു. എന്‍ഡിപിഎസ് ആക്ട് 27 (ബി), 29 പ്രകാരമാണ് കേസ്.
ലഹരി ഉപയോഗിക്കാറുണ്ടെന്ന ഷൈന്റെ മൊഴിയുടെ പശ്ചാത്തലത്തില്‍ ഈ വകുപ്പ് നിലനില്‍ക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
കേസില്‍ കുടുതല്‍ പേരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. സംശയാസ്പദമായി ബാങ്ക് ഇടപാട് നടത്തിയവരോടടക്കം വിവരങ്ങള്‍ തേടാനാണ് തീരുമാനം. ഷൈനെതിരായ കേസിന് പിന്നാലെ എഫ്ഐആര്‍ കോടതിയില്‍ നിലനില്‍ക്കുമോയെന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്നിരുന്നു.
ഇതിനു മറുപടിയായാണ് കമ്മീഷണര്‍ പ്രതികരണം.