മാത്യു കല്ലടിക്കോട്
കല്ലടിക്കോട്: രാത്രിയായാൽ പുള്ളിപ്പുലിയും കാട്ടാനയും കൂട്ടിനെത്തുന്ന മലയോരമേഖലയിൽ ജനങ്ങൾ ഉറക്കമൊഴിച്ചു കാത്തിരിക്കുന്നു, പരസ്പരം സംരക്ഷണമേകാൻ.വന്യമൃഗങ്ങൾ കൃഷിയിടത്തിലേക്കിറങ്ങുന്ന കരിന്പ പഞ്ചായത്തിലെ മലയോരമേഖലകളിൽ തെരുവുവിളക്കുകളില്ലാത്തതിനാൽ പ്രദേശവാസികൾ ഭീതിയിലായിരിക്കുന്നു.
കല്ലടിക്കോടൻ മലയോര മേഖലകളായ മേലേപ്പയ്യാനി, പറക്കലടി, മുതുകാടുപറന്പ്, അന്പതേക്കർ, കല്ലഞ്ചോല, ചെറുമല, പാങ്ങ്, ചുള്ളിയാംകുളം, മരുതുംകാട്, കൂമൻകുണ്ട്, കരിമല തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനകളടക്കമുള്ള വന്യ ജീവികളുടെ ഭീഷണി.
വൈദ്യുതി എത്താത്ത വീടുകളും കൃഷിയിടങ്ങളും ഈ പ്രദേശത്തുണ്ട്. കൃഷിഭൂമികളായതിനാൽ വീടുകളോ ആൾത്താമസമോ ഇല്ലാത്തതും പ്രദേശത്തു വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാക്കുന്നുണ്ട്.
കഴിഞ്ഞ 10 വർഷത്തിനിടയിൽ തെങ്ങുകളും കമുകുകളും കുരുമുളകുകൊടികളും ജാതി, കൊക്കോ, വാഴകൾ, പച്ചക്കറികൾ, റബർ തൈകൾ തുടങ്ങിയ കാർഷിക മേഖലയിലെ വിളവുകളും മരങ്ങളും ചെടികളും നശിപ്പിച്ചതിലൂടെ കർഷകർക്ക് 20 കോടിയോളം രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്.
ഇതിനോടകം പലരും കൃഷിഭൂമി തരിശിട്ടു കല്ലടിക്കോടും കരിന്പയിലും വീടുവച്ച് താമസം മാറിയിട്ടുണ്ട്. അടിക്കാടുകൾ വെട്ടിത്തെളിക്കാത്തതും കൃഷി ചെയ്യാതെ കാടുപിടിച്ചു കിടക്കുന്നതുമായ ഭൂമിയിൽ വന്യമൃഗങ്ങൾ തന്പടിക്കുന്നതും പതിവാണ്.
കരിമലയിലും കൂമൻകുണ്ടിലും ആളുകൾ താമസിച്ചിരുന്നകാലത്ത് വന്യമൃഗങ്ങളുടെ ശല്യം ഉണ്ടായിരുന്നില്ല. എന്നാൽ ആളുകൾ മറ്റു പ്രദേശങ്ങളിലേക്കു താമസം മാറിയതു വന്യമൃഗങ്ങൾക്കു ഭയപ്പെടാതെ കൃഷിയിടത്തിലേക്ക് എത്താനുള്ള മാർഗമായി.
വൈകുന്നേരമായാൽ ആരും വീടിനു പുറത്തിറങ്ങാൻ പോലും ധൈര്യപ്പെടുന്നില്ല. തെരുവുവിളക്കുകളില്ലാത്തതിനാൽ രാത്രിയായാൽ റോഡിലൂടെ നടക്കാൻപോലും കഴിയുന്നില്ല. ആനകൾ റോഡിലൂടെ വരുന്നതും ആളുകളെ ഓടിക്കുന്നതും പതിവാണ്.
കഴിഞ്ഞ ദിവസം പറക്കലടിയിൽ മേലേപയ്യാനിയിലും കാട്ടാനകൾ കുറുകെ ചാടി കാൽനടക്കാരെ ഓടിച്ചിരുന്നു. മലയോരമേഖലയിൽ തെരുവുവിളക്കുകൾ കത്തിക്കണമെന്നു മലയോര മേഖലയിലെ നിവാസികൾ ആവശ്യപ്പെട്ടിട്ടും അധികാരികൾ തയാറായിട്ടില്ല. കരിന്പ പഞ്ചായത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കാൻ ഓണ്ലൈൻ ടെൻഡർ നൽകിയെങ്കിലും തിരുവനന്തപുരത്തുള്ള ടീമാണ് കരാർ എടുത്തത്.
എന്നാൽ കോവിഡ് ബാധിച്ചു ചികിത്സയിലായതോടെ അവർ വിളക്കുകൾ സ്ഥാപിക്കുന്നതു നിർത്തിവച്ചു. വീണ്ടും ടെൻഡർ നൽകിയെങ്കിലും ഇതുവരെയും തെരുവുവിളക്കുകൾ സ്ഥാപിക്കാൻ നടപടിയെടുത്തിട്ടില്ല.