മണ്ണാർക്കാട് : നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ആശങ്കയകറ്റണമെന്നു കോട്ടോപ്പാടം അന്പാഴക്കോട് ചേർന്ന ജനകീയകൂട്ടായ്മ.
നിലവിലെ വിജ്ഞാപനത്തിൽ പരാമർശിച്ച സർവ്വേ നന്പറിൽ വീടും ഭൂമിയുമുള്ള ധാരാളം പേർക്ക് കിടപ്പാടം നഷ്ടമാകുമോയെന്ന് ആശങ്കയുണ്ട്. ഇക്കാര്യം ഉന്നയിച്ച് സ്ഥലമെടുപ്പ് ചുമതലയുള്ള ദേശീയ പാത വിഭാഗം ഡെപ്യൂട്ടി കളക്ടർ മുന്പാകെ കാര്യങ്ങൾ ബോധിപ്പിക്കുകയും പ്രദേശവാസികളുടെ പരാതി നൽകുകയും ചെയ്തു.
അന്പാഴക്കോട് മദ്രസയിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെന്പർ ഗഫൂർ കോൽകളത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെന്പർ കിളയിൽ ഹംസ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പാറശ്ശേരി ഹസൻ, എം മൊയ്തീൻ കുട്ടി, സി.അഷ്റഫ് , പറന്പത്ത് മുഹമ്മദലി , പി അൻവർ, എ.കെ.റിയാസ് നേതൃത്വം നൽകി.
അലനല്ലൂർ : മലയോര മേഖലയിലൂടെയാണ് ഗ്രീൻഫീൽഡ് ഹൈവേ നിർമ്മിക്കുന്നത് എന്നാണ് കേന്ദ്ര സർക്കാർ മുന്പ് പറഞ്ഞിരുന്നത്. എന്നാൽ സർവ്വേ വന്നപ്പോൾ അത് ജനവാസ കേന്ദ്രത്തിലാണ്. നിരവധി വീടുകളാണ് ഇതോടെ ഇല്ലാതാവാൻ പോകുന്നത്. അതിനാൽ റീസർവേ നടത്തണമെന്നു റഷീദ് ആലായൻ.
കഴിഞ്ഞദിവസം അലനല്ലൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
പാലക്കാട് കളക്ടറേറ്റിൽ മാത്രമാണ് ഇപ്പോൾ ഗ്രീൻഫീൽഡ് ഹൈവേയുമായി ബന്ധപ്പെട്ട പരാതി നൽകാൻ ജനങ്ങൾക്ക് അവസരമുള്ളത്. പകരം ഗ്രീൻഫീൽഡ് ഹൈവേ കടന്നു പോകുന്ന എല്ലാ വില്ലേജുകളിലും ഇതിന് സംവിധാനമുണ്ടാകണം.
ജനങ്ങളെ ഇക്കാര്യം ബോധവൽക്കരിക്കാൻ ഉതകുന്ന തരത്തിലുള്ള കമ്മറ്റികൾ രൂപീകരിക്കണം. കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി കാര്യങ്ങൾ വിശദമാക്കാനുള്ള സംവിധാനം വേണമെന്നും ആവശ്യപ്പെട്ടു.
അലനല്ലൂർ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്നതിനാൽ ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് നടപടിയാവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും നിവേദനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ണാർക്കാട് : ഗ്രീൻഫീൽഡ് ഹൈവേ നിർമ്മിക്കാനുദ്ദേശിക്കുന്ന കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ കുണ്ട്ലക്കാട്, അന്പാഴക്കോട്, കണ്ടമംഗലം, പുറ്റാനിക്കാട്, കച്ചേരിപ്പറന്പ്, തിരുവിഴാംകുന്ന് മേഖലയിലുള്ളവർ വലിയ ആശങ്കയിലാണ്. ഇവരുടെ ആശങ്കകൾ അകറ്റണമെന്ന് കുണ്ട്ലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സൗപർണിക കൂട്ടായ്മ ആവശ്യപ്പെട്ടു.
കൂട്ടായ്മ പ്രതിനിധികൾ വി കെ ശ്രീകണ്ഠൻ എം പി, എൻ ഷംസുദ്ദീൻ എംഎൽഎ, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർക്ക് നിവേദനം നൽകി.
പറന്പത്ത് മുഹമ്മദലി, പി എം മുസ്തഫ, പി ഗോപി, എൻ. കാസിം, സി. കൃഷ്ണൻകുട്ടി, ചള്ളപ്പുറത്ത് ബിജു, പി. സിന്ധു, ചള്ളപ്പുറത്ത് ഇബ്രാഹിം, സി.നിഷാദ്, സി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.