നെല്ലിയാമ്പതിയിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു
1567944
Tuesday, June 17, 2025 2:03 AM IST
നെന്മാറ: നെല്ലിയാമ്പതി ഗവ. ഓറഞ്ച് ഫാം വളപ്പിലെ മരം കടപുഴകി റോഡിൽ വീണു. മൂന്നു മണിക്കൂർ പുലയംപാറ- കൈകാട്ടി റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. ഫാമിനോട് ചേർന്ന് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്തെ വളവിലാണ് മരം കടപുഴകിവീണത്. വന്യമൃഗങ്ങളിൽ നിന്ന് ഫാമിലെ കൃഷി സംരക്ഷിക്കാൻ സ്ഥാപിച്ച സൗരോർജവേലിക്ക് മുകളിലൂടെയാണ് മരം റോഡിലേക്ക് വീണത്. വീടുകൾക്ക് സമീപം നിന്നിരുന്ന മരം റോഡിലേക്ക് മറിഞ്ഞുവീണതിനാൽ വീടുകളിൽ ഉണ്ടായിരുന്നവർ അത്യാഹിതത്തിൽ നിന്ന് രക്ഷപ്പെട്ടു.
ഗവ. ഓറഞ്ച് ഫാം തൊഴിലാളികളായ പി.ഒ. ജോസഫ്, മുരുകൻ, ശിവൻ, ഫാമിലെ ഉദ്യോഗസ്ഥരായ നാരായണൻകുട്ടി, വസീം എന്നിവരും പുലയംപാറയിലെ ടാക്സി ഡ്രൈവർമാർ, പ്രദേശവാസികൾ വിനോദസഞ്ചാരികൾ എന്നിവർ ചേർന്ന് മരംമുറിച്ചു വലിയ തടികൾ ഉരുട്ടി റോഡരികിലേക്ക് മാറ്റി. മരംവീണ് ഗതാഗതതടസം നേരിട്ട വിവരം അറിഞ്ഞ നെല്ലിയാമ്പതി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജയേന്ദ്രൻ, ബിഎഫ്ഒമാരായ വി. അഭിലാഷ്, എസ്. പ്രമോദ്, സിവിൽ പോലീസ് ഓഫീസറായ എസ്. സുനിൽ എന്നിവരും ഗതാഗതം നിയന്ത്രിച്ചു.