മംഗലംഡാമിന്റെ ഷട്ടറുകൾ തുറന്നു
1567945
Tuesday, June 17, 2025 2:03 AM IST
മംഗലംഡാം: വൃഷ്ടിപ്രദേശത്തെ കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിന്റെ ആറ് ഷട്ടറുകളും തുറന്നു. ഇന്നലെ രാവിലെ 11 നാണ് മുഴുവൻ ഷട്ടറുകളും അഞ്ച് സെന്റീമീറ്റർ ഉയരത്തിൽ തുറന്നത്. ഡാമിന്റെ ഓറഞ്ച് അലർട്ടായ 76.95 മീറ്ററിൽ ജലനിരപ്പെത്തിയപ്പോൾ മുന്നറിയിപ്പുകൾ നൽകി ഷട്ടറുകൾ തുറക്കുകയായിരുന്നു. 77.28 മീറ്ററാണ് ഡാമിന്റെ റെഡ് അലർട്ട് വരുന്ന ജലനിരപ്പ് . 77.88 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.
സെക്കൻഡിൽ 30.2 മീറ്റർക്യൂബ് വെള്ളം വൃഷ്ടി പ്രദേശങ്ങളിൽ നിന്നും ഇപ്പോൾ റിസർവോയറിലെത്തുന്നുണ്ട്. കടപ്പാറയിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്ന രണ്ടാം പുഴ, ഓടംതോട്, ചൂരുപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് നീരൊഴുക്ക് കൂടുതലുള്ളത്. എന്നാൽ മഴ തുടർന്നാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് ഇറിഗേഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ ടി.പി. ശുഭ, മംഗലംഡാം എഇ ലെസ്ലി വർഗീസ് എന്നിവർ പറഞ്ഞു.
മംഗലം പുഴയുടെ തീരത്തു താമസിക്കുന്നവരും കൃഷിയിടങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. 44 മില്ലിമീറ്റർ മഴയാണ് ഇന്നലെ രാവിലെ മംഗലംഡാമിൽ രേഖപ്പെടുത്തിയത്. വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ്, ഡാം പോലീസ് തുടങ്ങിയവരും ഷട്ടറുകൾ തുറക്കുമ്പോൾ സ്ഥലത്തെത്തിയിരുന്നു. വെള്ളം നിറഞ്ഞ് മംഗലംഡാമിന്റെ ഷട്ടറുകൾ ജൂൺ മാസം പകുതിയിൽ തുറക്കേണ്ടി വരുന്നത് ഇത് രണ്ടാം തവണയാണ്.
ഒന്നാം പ്രളയവർഷമെന്ന് വിശേഷിപ്പിച്ച 2018 ലാണ് ഇതിനുമുമ്പ് വെള്ളം നിറഞ്ഞ് ജൂൺ 14ന് ഷട്ടറുകൾ തുറന്നത്. എന്നാൽ രണ്ടാം പ്രളയവർഷമായ 2019 ൽ ഓഗസ്റ്റ് എട്ടിനാണ് ഷട്ടറുകൾ തുറന്നത്.
മിക്കവാറും വർഷങ്ങളിലും ജൂലൈ മാസത്തിലാണ് ഷട്ടറുകൾ തുറന്നിട്ടുള്ളത്. കഴിഞ്ഞവർഷവും ജൂലൈ 15 നാണ് മുഴുവൻ ഷട്ടറുകളും തുറന്നത്.