കടലിൽ തിരിയാന്റെ തിരയിളക്കം
Sunday, November 6, 2016 12:01 PM IST
വൈപ്പിൻ: ആഴക്കടലിലും തീരക്കടലിലും വൻ തിരിയാൻ മത്സ്യ കൊയ്ത്ത്. കൊച്ചി, മുരുക്കുംപാടം, മുനമ്പം മേഖലകളിൽ നിന്നു കടലിൽ പോകുന്ന ഇൻബോർഡ് വള്ളങ്ങൾക്കും മത്സ്യബന്ധന ബോട്ടുകൾക്കും കഴിഞ്ഞ രണ്ടാഴ്ചക്കാലമായി സമൃദ്ധമായി തിരിയാൻ മത്സ്യം ലഭിക്കുന്നുണ്ട്. ആഭ്യന്തര മാർക്കറ്റിൽ വലിയ ഡിമാൻഡ് ഇല്ലാത്ത തിരിയാൻ മൃഗങ്ങൾക്കും മത്സ്യങ്ങൾക്കും തീറ്റയുണ്ടാക്കാനായി ഇതര സംസ്‌ഥാനങ്ങളിലുള്ള ഫാക്ടറികളിലേക്കാണ് പോകുന്നത്.

മംഗലാപുരം, തൂത്തുക്കുടി മേഖലയിലെ വൻകിട ഫാക്ടറികളിലെത്തുന്ന മീനുകൾ മെഷീന്റെ സഹായത്തോടെ ഉണക്കി പൊടിക്കും. ഇവയിൽ നിന്ന് ഓയിലും പൗഡറുമാണ് വേർതിരിക്കുക.

ഫിഷ് പൗഡർ ചെമ്മീനും പന്നികൾക്കും തീറ്റയായി വിദേശങ്ങളിലേക്കടക്കം കയറ്റിപ്പോകും. പൗഡർ തീറ്റയായി കഴിക്കുന്ന പന്നികളുടെ ഇറച്ചിയിൽ ഒമേഗ–3 ഫാറ്റി ആസിഡിന്റെ അളവ് കൂടുതലാണെന്നാണ് പറയുന്നത്.

മാസംത്തിനും ഗുണനിലവാരം കൂടുതലായിരിക്കും. ചൈനയിലേക്കാണ് ഇവ കൂടുതലായും കയറ്റിപ്പോകുന്നതെന്ന് തൂത്തുക്കുടിയിൽ ഫാക്ടറിയുള്ള സഞ്ചാരി ഫിഷറീസ് ഉടമ എടവനക്കാട് സ്വദേശി ജോണിക്കുട്ടൻ പറഞ്ഞു. രാജ്യത്തും മലേഷ്യയിലുമുള്ള ചെമ്മീൻ ഫാമുകളിൽ തീറ്റയായി നൽകുന്നതും ഈ പൗഡറാണെന്ന് ഇദ്ദേഹം വ്യക്‌തമാക്കി.

വ്യാപകമായി ലഭിക്കാൻ തുടങ്ങിയതോടെ കിലോയ്ക്ക് 10 രൂപയിൽ താഴെയെത്തിയിരിക്കയാണ് തിരിയാന്റെ വില. പ്രോട്ടീൻ സമൃദ്ധമായ ഈ മത്സ്യം 10 ശതമാനത്തിൽ താഴെ മാത്രമേ മലയാളികളുടെ തീൻ മേശയിലെത്തുന്നുള്ളൂ. വടക്കൻ മേഖലകളിലും മധ്യകേരളത്തിലും താരതമ്യേന ഡിമാൻഡ് കുറഞ്ഞ തിരിയാൻ കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കറിവയ്ക്കുന്നതിനായി ആളുകൾ വാങ്ങുന്നത്.