ഐശ്വര്യ മിഥുന് കോറോത്ത്
ബംഗാളിലെ ബാവുള്‍ സംഗീതത്തില്‍ ഡോക്ടറേറ്റ് ലഭിച്ച ചാന്ദ് എന്ന പെണ്‍കുട്ടിയെയെയും അവര്‍ ടീച്ചറമ്മ എന്നു വിളിക്കുന്ന സീതാലക്ഷ്മിയെയും തേടി ഒരു മാധ്യമപ്രവര്‍ത്തക നടത്തുന്ന അന്വേഷണത്തിലൂടെ പുരോഗമിക്കുന്ന ചിത്രമാണ് ചിരം. സത്യജിത് നായര്‍ നിര്‍മിച്ച സിനിമ സിന്ധു പരടയിലും എന്‍. സുധീറും ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഈ മാസമാദ്യം തിയറ്ററുകളിലെത്തിയ ചിത്രത്തിലൂടെ മലയാളിക ൾക്കു പുതിയൊരു ക്യൂട്ട് നായികയെക്കൂടി ലഭിച്ചിരിക്കുന്നു, ഐശ്വര്യ മിഥുന് കോറോത്ത്. അനൂപ് മേനോനാണ് ഐശ്വര്യയുടെ നായകനായെത്തുന്നത്.
തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രണയവും വിരഹവും പ്രമേയമാക്കിയ വിന്റേജ് ഫീല്‍ ഗുഡ് റൊമാന്റിക് ഡ്രാമയാണിത്. സീതാലക്ഷ്മി എന്ന കൊല്‍ക്കത്തയിലെ റിസര്‍ച്ച് സ്കോളറില്നിന്ന് ആദിവാസി മേഖലയിലെ ടീച്ചറമ്മയിലേക്കുള്ള കൂടുമാറ്റം നായിക ഐശ്വര്യ ഏറെ മികച്ചതാക്കി. ഐശ്വര്യയുടെ വിശേഷങ്ങളിലേക്ക്...
കാമറയ്ക്കു മുന്നിലേക്ക്
ഏകദേശം ആറു വയസ് ആയപ്പോള്‍ത്തന്നെ ഏതാനും സംഗീത ആല്‍ബങ്ങളിൽ അഭിനയിച്ചിരുന്നു. സ്റ്റേജില്‍ പെര്‍ഫോം ചെയ്യാനും നൃത്തം ചെയ്യാനുമൊക്കെ അന്നുമുതല്‍ വലിയ ഇഷ്ടമായിരുന്നു. ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാര്യ എന്ന സീരിയലില്‍ ഏറെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.
വെള്ളിത്തിരയിലേക്ക്
സംവിധായകന് സിദ്ദിഖിനെ ഒരിക്കല്‍ പോയി കണ്ടിരുന്നു. ചാന്‍സൊന്നും ചോദിച്ചു പോയതല്ലായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു ഇപ്പോള്‍ പുതിയ പ്രൊജക്ടുകളൊന്നും ചെയ്യുന്നില്ല. ഐശ്വര്യ സിനിമയില്‍ അഭിനയിക്കേണ്ട ആളുതന്നെയാണ്. അവസരം വന്നാല്‍ അറിയിക്കാമെന്നും പറഞ്ഞു.
ഞാനതൊക്കെ മറന്നിരുന്നു. പക്ഷേ, ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ അസോസിയേറ്റ് നൗഷാദ് സാഫ്രിന് സംവിധാനം ചെയ്യുന്ന പൊറോട്ടുനാടകം എന്ന സിനിമയിലേക്കു സിദ്ദിഖ് വിളിക്കുകയായിരുന്നു.
സൈജു കുറുപ്പിന്റെ നായികയായാണ് ആ സിനിമയില്‍ അഭിനയിച്ചത്. പിന്നീട് വിനീത് ശ്രീനിവാസനൊപ്പം ഒരു ജാതി ജാതകം എന്ന സിനിമയിലും അഭിനയിച്ചു.
ചിരത്തിലേക്ക്
ഇതെന്റെ മൂന്നാമത്തെ സിനിമയാണ്. പിആര്‍ഒ മഞ്ജു മഞ്ജു ഗോപിനാഥാണ് സിനിമയുടെ അണിയറക്കാര്‍ക്ക് എന്റെ പ്രൊഫൈല്‍ കൊടുത്തത്.
15 ദിവസത്തിനുള്ളില്‍തന്നെ ഷൂട്ടിംഗ് ആരംഭിച്ചു. മുന്‍നിര നായികമാരെ പലരെയും ഈ കഥാപാത്രത്തിനായി പരിഗണിച്ചിരുന്നു. നായകന് അനൂപ് മേനോനും എന്റെ ഫോട്ടോ കണ്ടിട്ട് ഈ കുട്ടി ഈ കഥാപാത്രത്തിന് ഓക്കെയാണെന്നു പറഞ്ഞതായി പിന്നീട് അറിഞ്ഞു.
ചിരത്തിലെ കഥാപാത്രം

നടിയെന്ന നിലയില്‍ ചിരത്തിൽ ഞാന്‍ ചെയ്ത കഥാപാത്രം വളരെ ചലഞ്ചിംഗായിരുന്നു. സീത എന്ന കഥാപാത്രത്തിന്റെ മൂന്നു കാലഘട്ടം സിനിമയില്‍ ഞാന്‍ ചെയ്തിട്ടുണ്ട്. വിശ്വഭാരതിയില്‍ പിഎച്ച്ഡി ചെയ്യാനെത്തുന്ന കഥാപാത്രം, അതിനുശേഷം അനൂപിനൊപ്പമുള്ള കഥാപാത്രം. പിന്നീട് കാട്ടിലേക്കു മാറിയതിനു ശേഷം 55-60 വയസുള്ള സ്ത്രീ കഥാപാത്രം എന്നിവയാണു ചെയ്തത്.
ശരീരഭാരം 100 കിലോ
പൊതുവേ വണ്ണമുള്ള ശരീരപ്രകൃതമായിരുന്നു എന്റേത്. പ്രസവം കഴിഞ്ഞതോടെ 100 കിലോയിലെത്തി. ആറേഴു മാസംകൊണ്ട് 35 കിലോയോളം കുറച്ചു. ഇത്രയും ഭാരമുള്ള എനിക്ക് ഞാന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍ സിനിമയില്‍ ലഭിക്കില്ല എന്നതുകൊണ്ടാണ് തടി കുറയ്ക്കണം എന്ന തോന്നലുണ്ടായതും അതിനായി കഠിന പ്രയത്നം നടത്തിയതും.
വിന്റേജ് നായിക
ഞാന്‍ പൊതുവേ ഇങ്ങനെയാണ്. എനിക്കേറെ ഇഷ്ടപ്പെട്ട വസ്ത്രം സാരിയാണ്. വാലിട്ടു കണ്ണെഴുതുന്നതും വലിയ പൊട്ട് തൊടുന്നതും വലിയ ഇഷ്ടമാണ്. ഒരു സൗത്ത് ഇന്ത്യന്‍ മുഖം എനിക്കു കിട്ടിയിട്ടുണ്ട്. അതുകൊണ്ടാകാം ഈ കാലഘട്ടത്തിലെ നായികമാര്‍ക്ക് പലര്‍ക്കും ഇല്ലാത്ത പ്രത്യേകതയും വേറിട്ടൊരു ഐഡന്റിറ്റിയും എനിക്കുണ്ടെന്നും ശരീര ഭാഷയിലും മുഖത്തും വിന്റേജ് നായികയെ കാണാനാകുമെന്നും അനൂപ് മേനോൻ പറഞ്ഞത്.
കുടുംബം, കല
കണ്ണൂരാണ് സ്വദേശം. അച്ഛന്: ചന്ദ്രശേഖരന്. അമ്മ: ജയ. ഭര്‍ത്താവ്: മിഥുന്. മകന് മാധവിന് ഏഴു വയസായി. കല്യാണം കഴിഞ്ഞതോടെ ഞങ്ങള്‍ മുംബൈയിലേക്ക് താമസം മാറി. അച്ഛനും അമ്മയും നാട്ടില്‍തന്നെയാണ്. കുട്ടിക്കാലം മുതല്‍ അഭിനയം സ്വപ്നം കണ്ടിരുന്നു. സ്കൂള്‍, കോളേജ് തലങ്ങളില്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും നാടക മത്സരങ്ങളില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുംബൈ യൂണിവേഴ്സിറ്റിയില്‍നിന്ന് സൈക്കോളജിയിലും സോഷ്യോളജിയിലും ബിരുദം നേടി. ശാസ്ത്രീയനൃത്തവും അഭ്യസിച്ചിട്ടുണ്ട്.
പുതിയ പ്രൊജക്ടുകള്‍
പുതിയ പ്രൊജക്ടുകളെക്കുറിച്ച് പറയാറായിട്ടില്ല. കഥകളൊക്കെ കേട്ടുവരുന്നതേയുള്ളു. ധ്യാന്‍ ശ്രീനിവാസന്റെ നായികയായി അഭിനയച്ച തേവര് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും ഡബ്ബിംഗും കഴിഞ്ഞു.നവംബര്‍ ആദ്യവാരം സിനിമ തിയറ്ററുകളിലെത്തുമെന്നാണ് വിചാരിക്കുന്നത്.
Tags : aishwarya midhun aishwaryamidhun interview starchat cinema anoop menon