. എബനേസര്‍ മധുകര്‍ ചന്ദ്രദാസ്
പഴയ മദ്രാസിലെ ഒരു ബോര്‍ഡിംഗ് സ്കൂള്‍. എബനേസര്‍ മധുകര്‍ ചന്ദ്രദാസ് എന്നൊരു പയ്യനുണ്ട് അവിടെ. പരിമിതമായ സാഹചര്യങ്ങളാണ്. പാട്ടുകേള്‍ക്കാന്‍ വലിയ ഇഷ്ടമായിരുന്ന അവന് അതിനുള്ള അവസരം ആഴ്ചയിലൊരിക്കല്‍ മാത്രം. ചെറിയ സ്പീക്കറുള്ള പഴയൊരു റെക്കോര്‍ഡ് പ്ലെയറാണ് ഹോസ്റ്റലില്‍. അതാ എത്തുന്നു, ബീറ്റില്‍സിന്റെ പാട്ട്- ട്വിസ്റ്റ് ആന്‍ഡ് ഷൗട്ട്! ആ കൗമാരക്കാരന്റെ മനസും ജീവിതവും പാകപ്പെടുത്തിയത് ആ പാട്ടായിരുന്നു.
തനിക്കും ഗായകനാകണം എന്ന ഉറച്ച ആഗ്രഹം ആ ബീറ്റില്‍സ് പാട്ടിലൂടെയാണ് ഒഴുകിവന്നതെന്ന് പിന്നീട് മധുകര്‍ ഓര്‍മിച്ചിട്ടുണ്ട്. പലരും തന്റെ സംഗീതാഭിരുചിയെ പരിഹസിച്ചപ്പോഴും അതൊന്നും ഒട്ടും കാര്യമാക്കാതെ ആ കൗമാരക്കാരന് തലയുയര്‍ത്തിനിന്നു.
കേള്‍വിയില്‍നിന്ന് വേദിയിലേക്ക്
1949 ഒക്ടോബര്‍ 25ന് മദ്രാസിലായിരുന്നു മധുകറിന്റെ ജനനം. മകന് വയലിന് പഠിക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാല്‍ മധുകറിനെ ആകര്‍ഷിച്ചതാകട്ടെ പോപ് സംഗീതവും ഇലക്ട്രിക് ഗിറ്റാറും. ബീറ്റില്‍സിനു പുറമേ റോളിംഗ് സ്റ്റോണ്‍സ്, പിങ്ക് ഫ്ളോയ്ഡ്, ദ ഡോര്‍സ്... ആവേശം വീണ്ടും കൂടി. സഹപാഠിയായ സുകുമാര്‍ നമ്പ്യാരുമായുള്ള സൗഹൃദം സംഗീതജീവിതത്തിലേക്കുള്ള വഴി അല്പംകൂടി എളുപ്പമാക്കി. നടന് എം.എന്‍. നമ്പ്യാരുടെ മകനായ സുകുമാറിനൊപ്പം ദ വൂഡൂസ് എന്ന ബാന്‍ഡിനു മധുകര്‍ തുടക്കമിട്ടു. ലീഡ് ഗിറ്റാറും ഹാര്‍മണി വോക്കലുമാണ് മധുകര്‍ കൈകാര്യംചെയ്തത്. സംഗീതപഠനത്തിന്റെ യാതൊരു ഔപചാരികതകളിലൂടെയും പോകാതെ കേട്ടുപഠിച്ചും പരീക്ഷിച്ചുമായിരുന്നു മുന്നേറ്റം.
കുരുക്കായി കര്ട്ടൻ
ആ ബാന്‍ഡിന്റെ ഓര്‍മകളില്‍ കൗതുകകരമായ ഒരു കഥയുണ്ട്. അക്കാലത്ത് കര്‍ട്ടനുകള്‍ ഒരുക്കാന്‍ ഉപയോഗിച്ചിരുന്ന തിളക്കംകൂടിയ തുണികള്‍ വാങ്ങിയാണ് മധുകറും സംഘവും പ്രോഗ്രാമുകള്‍ക്കുള്ള വസ്ത്രങ്ങള്‍ തുന്നിച്ചിരുന്നത്. ഒരിക്കല്‍ ഒരു സ്വകാര്യ പരിപാടിക്ക് എത്തിയപ്പോള്‍ തങ്ങളുടെ ഷര്‍ട്ടുകളുടെ അതേ തുണികൊണ്ടുള്ള കര്‍ട്ടനുകള്‍ അവിടംമുഴുവന്‍ നിറഞ്ഞിരിക്കുന്നു! അന്ന് പരിപാടി നടത്താതെ അവിടെനിന്നു പിന്‍വാങ്ങിയെന്ന് മധുകര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ റോക്ക് സംഗീതത്തിന്റെ തുടക്കകാലത്തിന് പരിമിതികളുടെയും പരീക്ഷണങ്ങളുടെയും കഥപറയാനുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.
ആറ്റമിക് ഫോറസ്റ്റ്
എഴുപതുകളുടെ തുടക്കത്തില്‍ ബോംബെയില്‍ എത്തിയ മധുകറിന്റെ സംഗീതജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു ആറ്റമിക് ഫോറസ്റ്റ് എന്ന ബാന്‍ഡ്. ഇന്ത്യയിലെ ആദ്യകാല സൈക്കഡലിക് റോക്ക് ബാന്‍ഡുകളില്‍ ശ്രദ്ധേയമായിരുന്ന ഈ സംഘത്തിലെ മുന്‍നിര ഗായകനായി അദ്ദേഹം. തീക്ഷ്ണവും പരീക്ഷണാത്മകമായ ശബ്ദവിന്യാസങ്ങള്‍ നിറഞ്ഞതുമായ ആ സംഗീതം ഏറെ വ്യത്യസ്തമായിരുന്നു. ബോംബെയിലെ ക്ലബുകളിലും സംഗീതവേദികളിലും അവര്‍ സ്ഥിരസാന്നിധ്യമായി. ഒബ്സഷന്‍ 77 എന്ന ആല്‍ബം അവര്‍ക്ക് അന്താരാഷ്്ട്ര ശ്രദ്ധ നേടിക്കൊടുക്കുകയും ചെയ്തു. നിരവധി ആരാധകരുണ്ടായി.
അതേസമയം ബാന്‍ഡിലെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളും അനുബന്ധ പ്രശ്നങ്ങളും പതിവായി. അതെല്ലാം തന്റെ കരിയറിന്റെ ഭാഗമായി കാണാനായിരുന്നു മധുകറിന് ഇഷ്ടം. 1975ല്‍ അദ്ദേഹം ബാന്‍ഡ് വിട്ടു. പുതിയ അനുഭവങ്ങള്‍ തേടാനും കൂടുതല്‍ മുന്നേറാനുമായിരുന്നു ആ വിടുതലെന്ന് അദ്ദേഹം പറഞ്ഞു. ആറ്റമിക് ഫോറസ്റ്റിന്റെ പാട്ടുകള്‍ക്ക് ഇന്നും ആരാധകരുണ്ട്, പുതുതലമുറക്കാര് അടക്കം. മധുകറിന്റെ മറ്റൊരു വിളിപ്പേരായിരുന്ന മഡൂ ൂ ൂ അങ്ങനെ ജെന്‍ സീക്കും ഇഷ്ടനാമമായി.
നാടകം, പരസ്യം
അലിക് പദംസി ഒരുക്കിയ ജീസസ് ക്രൈസ്റ്റ് സൂപ്പര്‍സ്റ്റാര്‍ എന്ന സംഗീതനാടകത്തിലെ യേശുവിന്റെ വേഷം മധുകറിന്റെ ജീവിതത്തിലെ ഒരു സുപ്രധാന അധ്യായമായിരുന്നു. ഏതാണ്ട് ഒന്നര വര്‍ഷത്തോളം നീണ്ട അവതരണകാലത്ത് അദ്ദേഹം ഈ വേഷം ചെയ്തു. ഇതദ്ദേഹത്തിന് വ്യത്യസ്തമായൊരു കലാവേദി തുറന്നുകൊടുക്കുകയും ചെയ്തു.
തുടര്‍ന്ന് പരസ്യമേഖലയിലും മധുകര്‍ തിളങ്ങി. ഇന്ത്യയില്‍ ആര്‍ട്ട് ഡയറക്ടറായി ജോലി ചെയ്ത അദ്ദേഹം അമേരിക്കയിലും പരസ്യരംഗത്തെ തൊഴില്‍ തുടര്‍ന്നു. സംഗീതത്തെ ഒരിക്കലും പൂര്‍ണമായി ഉപേക്ഷിച്ചില്ല. 2002ല്‍ ദിസ് ഡേ ഈസ് ഫോര്‍എവെര്‍ എന്ന ആല്‍ബം പുറത്തിറക്കി.
രണ്ടുവര്‍ഷംകഴിഞ്ഞ് ബീറ്റില്സിനുള്ള ആദരസൂചകമായി പുറത്തിറക്കിയ ആല്‍ബത്തില്‍ റോക്ക് സംഗീതത്തിനൊപ്പം ഇന്ത്യന്‍ താളങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള വിജയകരമായ ശ്രമവും നടത്തി.
ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം കൂടുതല്‍ പഠിക്കാതിരുന്നത് ഒരു നഷ്ടമാണെന്നു തോന്നിയിട്ടുണ്ടെന്ന് മധുകര്‍ അഭിമുഖങ്ങളില്‍ സമ്മതിച്ചിട്ടുണ്ട്. എങ്കിലും സംഗീതത്തെ ജീവിതത്തിന്റെ ഏറ്റവും പ്രധാനമായൊരിടത്തു പ്രതിഷ്ഠിച്ച ഗായകന്റെ ശബ്ദമാണ് മധുകറിലൂടെ ഇന്നും കേള്‍ക്കുന്നത്. 2024 ഏപ്രിലില്‍ അമേരിക്കയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
Tags : madhukar chandradas madhukarchandradas music news story malayalam singer